ബുധനാഴ്‌ച, ജൂൺ 29, 2011

നിസ്സഹായനായ 'ആദാമിന്റെ മകന്‍ അബു.'

മലയാള സിനിമാ രംഗം വരണ്ടുണങ്ങിയിട്ട് നാളുകള്‍ ഏറെയായതിനാല്‍  സിനിമകള്‍ കാണാറില്ലായിരുന്നു. വര്‍ത്തമാന കാലത്ത് സര്‍ഗാത്മകത മലയാളത്തില്‍ നിന്നും മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ നിന്നും ആകെ ചോര്‍ന്നു പോയതിനാലായിരിക്കാം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രം കൊടും വേനലിലെ ഒരു ചെറിയ മഴയായി അനുഭവപ്പെട്ടത്. ഇത് മധ്യമനിലവാരം പുലര്‍ത്തുന്ന ഒരു നല്ല ചിത്രമാണ്, അതിനേക്കാള്‍ വലിയ അവകാശവാദങ്ങള്‍ അസാധുവുമാണ്.

വിശ്വാസിയായ അബുവെന്ന മുസല്‍മാന്റെ ജീവിതാഭിലാഷമാണ് ഹജ്ജിനു പോകുകയെന്നത്. അത്തറു വില്പനക്കാരനായ ഒരു ദരിദ്രമുസ്ലീമിന് ഒരിക്കലും കൈയ്യെത്താന്‍ സാധിക്കാത്ത വലിയൊരു സ്വപ്നമാണത്. എന്നാലും അയാള്‍ അതിനായി കഠിനമായി പരിശ്രമിക്കുന്നു. അയാളുടെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമെന്ന ഘട്ടമെത്തുമ്പോള്‍, ഹജ്ജിന്റെ ആത്മീയനിയമങ്ങളോട് വിട്ടുവീഴ്ച ചെയ്താല്‍ അതിന്റെ പുണ്യം പ്രാപ്യമല്ലെന്ന തിരിച്ചറിവും നന്മയോടുള്ള നൈസര്‍ഗിക പ്രതിബദ്ധതയും നിസ്വാര്‍ത്ഥതയും  അദ്ദേഹത്തിന്റെ മോഹത്തിന് വിഘാതം സൃഷ്ടിക്കുകയും അയാള്‍ തകരുകയാണ്. എങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ഏതോ പാപം തന്റെ പുണ്യത്തെ പൂര്‍ണമാക്കാത്തതിനാലാണ് അല്ലാഹു തന്റെ അഭിലാഷം നിറവേറ്റാത്തതെന്ന് സമാധാനപ്പെട്ടു കൊണ്ട്, പരാജയപ്പെട്ട ഹജ്ജിനായി വ്യയം ചെയ്ത സ്രോതസ്സുകള്‍ വീണ്ടെടുക്കുവാന്‍ വെട്ടിവിറ്റ പ്ലാവിനു പകരം പുതിയൊരു തൈ നട്ട്,  അടുത്ത ഹജ്ജിനുള്ള പ്രതീക്ഷയോടെ അബുവും അയാളുടെ നിഷ്ക്കളങ്കയായ ഭാര്യയും ഭാവിയിലേക്കു ജീവിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

അമിതാഭിനയത്തിലേക്കു വീഴാതെ അബുവിന്റെ വൈകാരികതളെയും പരവശതയേയും സമര്‍ത്ഥമായി ആവാഹിക്കാന്‍, അതിനുള്ള ശരീരഭാഷ ഇടര്‍ച്ചയില്ലാതെ ചിത്രത്തിലുടനീളം പുലര്‍ത്താനും സലീംകുമാറിനു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ വലിയ ഭാവാഭിനയം കാഴ്ചവെയ്ക്കത്തക്ക രീതിയിലുള്ള മുഹൂര്‍ത്തങ്ങളൊന്നും അബുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഏതായാലും അബുവായി സലിംകുമാര്‍ അഭിനയിക്കുകയാണെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. അത് ചിത്രത്തിന്റെ വിജയത്തിന്റെ നിര്‍ണായ ഘടകമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ ആരും തന്നെ പിറകിലല്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തിനും സ്വാഭാവികത വരാനുണ്ട്.

സമഗ്രതയില്‍ ചിത്രം കെട്ടുറപ്പുള്ളതാണെങ്കിലും ചില അസ്വഭാവികതകള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും വളരെ ശുദ്ധരും നന്മ നിറഞ്ഞവരും മാനുഷിക ബലഹീനതകള്‍  തീണ്ടാത്തവരുമാണ്. ഇത് അസ്വാഭിവികതയും അതിഭാവുകത്വവും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അത് പെട്ടെന്ന് തിരിച്ചറിയറിയപ്പെടുന്നില്ല.

ഹജ്ജിനു പോകാനുള്ള അബുവിന്റെ ആഗ്രഹം നിറവേറ്റാന്‍ ചുറ്റുമുള്ള, നല്ലവര്‍ മാത്രമായ മനുഷ്യരില്‍ പലരും അകമഴിഞ്ഞ് സഹായിക്കുകയാണ്. മൂന്നു പ്രാവശ്യം ഹജ്ജിനു പോയ പണക്കാരനും അല്പം പൊങ്ങച്ചക്കാരനുമായ ഹാജ്യാര്‍ തുടങ്ങി  ട്രാവല്‍ ഏജന്‍സിക്കാരനായ അഷ്റഫും തടിക്കച്ചവടക്കാരനായ ജോണ്‍സണും സുഹൃത്തായ സ്ക്കൂള്‍ മാഷും ദരിദ്രനായ അബുവിനെ  സഹായിക്കാന്‍ തയ്യാറായിട്ടും അബുവിനു ലക്ഷ്യം സാക്ഷാത്ക്കാരിക്കാനാവുന്നില്ല. ഇവിടെ അബു അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ അയാള്‍ക്കോ സഹജീവികള്‍ക്കോ പങ്കില്ലാത്തതിനാല്‍ സ്വാഭാവികമായും അതിന്റെ കാരണങ്ങളിലേക്ക് ചിന്താശീലരായ പ്രേക്ഷകര്‍ പോകുന്നത് അവരുടെ ആസ്വാദനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നിരൂപണസ്വഭാവം മൂലമാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത കൃത്രിമമായ ഒരു ഗ്രാമനിഷ്ക്കളങ്കത ഒരു ഭാവചിത്രമായി ആവിഷ്ക്കരിക്കുമ്പോള്‍ പല സത്യങ്ങളും ചിത്രം മറച്ചു പിടിക്കുന്നു. എന്നാല്‍ അങ്ങിനെ ചലച്ചിത്രകാരന്‍ അദ്ദേഹത്തിനുണ്ടായ ഒരു നേരനുഭവത്തെ ചലച്ചിത്രമായി ആവിഷ്ക്കരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം പറയാനുദ്ദേശിക്കാത്തതായ കാര്യങ്ങള്‍ വെളിപ്പെട്ടു വരികയാണ്.

മതങ്ങള്‍ മനുഷ്യനു മുന്നില്‍ ധാരാളം പ്രഹേളികകളും പ്രതിസന്ധികളും ഉയര്‍ത്തുന്നുണ്ട്. വിശ്വാസികള്‍ക്ക് ഒരിക്കലും അവയില്‍ നിന്നും മോചനമില്ല. സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായ വിശകലനങ്ങള്‍ക്കു വഴങ്ങേണ്ട അത്തരം കാര്യങ്ങള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികളാണ് അബുവിന്റെ ദുഃഖത്തിന്റെ യഥാര്‍ത്ഥ ഹേതു. സാധാരണക്കാരനായ അയാള്‍ക്കോ ബുദ്ധിമാന്മാരായ മത പണ്ഡിതര്‍ക്കോ അത്തരം സമസ്യകളുടെ കുരുക്കഴിക്കാനാവില്ല, കാരണം വിശ്വാസം വിശ്വാസം മാത്രമാണ്. അതിനു മറ്റൊരു സമാധാനത്തിന്റെയോ യുക്തിയുടെയോ വിശകലനം അനാവശ്യവുമാണ്.

മെക്കയെന്ന പുണ്യഭൂമി ദേശാന്തരങ്ങള്‍ക്ക് അപ്പുറത്ത് നിന്നാണ് അതിന്റെ അനുയായികളെ അങ്ങോട്ടു ക്ഷണിക്കുന്നത്. ദൈവഭക്തിയും ദൈവഭയവും വിധേയത്വവും മാത്രം നൂറുശതമാനം ഉള്ള ഒരാള്‍ക്കും മെക്കയിലേക്കുള്ള പുണ്യയാത്രയാകുന്ന മതാനുഷ്ഠാനം നിര്‍വഹിക്കാന്‍ യോഗ്യത നല്‍കുന്നില്ല. അവിടെ എത്താനുള്ള സാമ്പത്തികശേഷിയാണ് അതിനുള്ള മാനദണ്ഡത്തിലെ ഒരു ഘടകം. മറ്റുള്ളവരോട് കടം ഉള്ളവനാകാന്‍ പാടില്ല, കടം വാങ്ങി പോകുവാനും പാടില്ല. ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നുമേ സഹായങ്ങള്‍ സ്വീകരിക്കാവു തുടങ്ങി അനേകം നിബന്ധനകള്‍ ഹജ്ജിന് നിര്‍ബന്ധമാണ്. ഇവിടെ നിന്നാണ് ആത്മീയയുടെ അനിവാര്യഭാഗമായ അനുഷ്ഠാനത്തിന്റെ വ്യര്‍ത്ഥത ആരംഭിക്കുന്നതും അത് അബുവിനെയും ഭാര്യയേയും ദുഃഖത്തില്‍ വീഴ്ത്തുന്നതും. മേല്‍ പറഞ്ഞ മതപരമായ എല്ലാ ഗുണഗണങ്ങളും വഹിക്കുന്നവനായിട്ടും മെക്കയെന്ന പുണ്യഭൂവില്‍ കാലുകുത്താനാവുന്നില്ലെങ്കില്‍ ഏതോ അപൂര്‍ണത ആത്മീയ ജീവിതത്തിനുണ്ടാകുമെങ്കില്‍ ഇവിടെ ദരിദ്രര്‍ വിഭജിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയുമാണ്.

അബുവിന്റെ പ്രതിസന്ധി തിരിച്ചറിഞ്ഞ് അയാളെ സഹായിക്കാന്‍ കൂട്ടുകാരനായ സ്കൂള്‍മാഷ് സഹായവുമായി എത്തുന്നു. എന്നാല്‍ അബു അത് നിരസിക്കുകയാണ്. കാരണം ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നും മാത്രമേ സഹായം സ്വീകരിക്കാനാവൂ എന്നതാണ് ഹജ്ജ് നിയമം. എങ്കില്‍ തന്നെ, സ്വന്തം അനുജനായി കണക്കാക്കി സഹായം സ്വീകരിക്കണമെന്ന മാഷിന്റെ അഭ്യര്‍ത്ഥനയ്ക്കു മുമ്പില്‍ അബു ക്രൂരമായ മറ്റൊരു മത നിബന്ധന നിഷ്ക്കളങ്കമായി വെളിപ്പെടുത്തുന്നു. സ്വന്തം മതത്തില്‍ പിറക്കാത്ത ഒരു അന്യമതസ്ഥനെ എങ്ങനെ സഹോദരനായി കാണാന്‍ കഴിയും ? അഥവാ സഹോദരനായി കണക്കാക്കിയാലും മതത്തിനു മുന്നില്‍ അത് സത്യമാകുന്നില്ല, കാരണം ഇസ്ലാമിന്റെ സത്യത്തില്‍ വിശ്വസിക്കുന്നയാളല്ലല്ലോ അന്യമതസ്ഥന്‍. അഥവാ ഇസ്ലാമിന്റെ സത്യങ്ങളെ ഉള്‍ക്കൊള്ളുന്നവനായാലും ഇസ്ലാം മതപരമായി കൈക്കൊണ്ടവനല്ലല്ലോ അയാള്‍. അതിനാല്‍ അയാളില്‍ നിന്നും സ്വീകരിക്കുന്ന സഹായത്തിനു് ഹജ്ജിന്റെ പുണ്യം തട്ടിത്തെറിപ്പിക്കാനേ കഴിയൂ. ഇക്കാര്യം അബു പറയുമ്പോള്‍ മാഷിനു മുറിവേള്‍ക്കുന്നുണ്ടാകണം. മുന്‍ സീനില്‍ ഹജ്ജിനു പോകാനായി മാഷിനോടും ഭാര്യയോടും കുടുംബത്തോടും യാത്രപറയാന്‍ ചെന്നപ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികമായ രംഗത്ത് അബു നല്‍കുന്ന സന്ദേശം തികച്ചും വ്യത്യസ്തമായിരുന്നു. മക്കയില്‍ എത്തുമ്പോള്‍ ഇസ്ലാമല്ലെങ്കിലും തങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് മാഷ് അപേക്ഷിക്കുമ്പോള്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിക്കുകയാണ് അബു. എന്നാല്‍ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയുടെ ഫലം അന്യന് /കാഫീറിന് ലഭ്യമല്ല എന്നതാണ് സത്യമെങ്കിലും അത് പറയുന്നില്ല അബു. ഇവിടെ അന്യമതസ്ഥനോട് വിട ചോദിക്കേണ്ടതിന്റെയും ആവശ്യമില്ല, എന്നാല്‍ മനുഷ്യസ്നേഹിയാണ് അബുവെന്നും ആ മനസ്സില്‍ ഭേദചിന്തകളില്ലെന്നും പ്രഖ്യാപിക്കാനായിരിക്കണം ഇത്തരം നാടകീയ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഏതായാലും മതങ്ങള്‍ക്ക് സാര്‍വലൌകിക സാഹോദര്യം വ്യത്യസ്ത മത-വിശ്വാസധാരകളില്‍ പെടുന്നവരുമായി സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം  സത്യസന്ധമായി ചിത്രം മുന്നോട്ടു വെയ്ക്കുന്നു. ഇത് ചലച്ചിത്രകാരനുദ്ദേശിച്ചതല്ല, മറിച്ച് അബോധമായി അത്തരം സന്ദേശം വെളിപ്പെട്ടു വരുന്നതാണ്. അത് മതാനുഷ്ഠാനങ്ങളുടെ സൂക്ഷ്മതലങ്ങളില്‍ നിന്നുമാണ് വായിച്ചെടുക്കേണ്ടത്. മതം ഒരേ സമയം അതിന്റെ അനുയായികളെയും അതിനു വെളിയിലുള്ളവരെയും പ്രതിസന്ധിയിലാക്കുന്നു. അവിടെ സ്നേഹത്തേക്കാള്‍ വലുത് മതം തന്നെ.

ആത്മീയത ഒരു വലിയ സ്വാര്‍ത്ഥതയായി അതിനടിമപ്പെടുന്നവരെ കീഴ്പ്പെടുത്തി, മാനവകുലത്തെ ശത്രുതയുടെ തുരുത്തുകളായി വിഭജിക്കുമെന്നത് സത്യമാണെങ്കിലും അത്രയുമോ അതിനേക്കാളേറെയോ അത് പരിമിതമായ  സ്നേഹത്തെയും പാരസ്പര്യത്തെയും സൃഷ്ടിക്കുമെന്നതും സത്യമായതുകൊണ്ടു കൂടിയാണ് നമ്മുടെ ലോകം സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് വലിയ പരിക്കുകളില്ലാതെ മുന്നോട്ടു പോകുന്നത്. മതവും വിശ്വാസവും ആത്മാര്‍ത്ഥമായ ബോധ്യങ്ങളായി അബുവെന്ന വൃദ്ധനില്‍ കുടിയിരിക്കുമ്പോള്‍ അയാള്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും നീരുറവകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു നല്ല നിഷ്ക്കളങ്ക മനുഷ്യനായി ജീവിക്കുന്നുവെന്നുള്ളത് ഒരു ഗ്രാമീണക്കാഴ്ചയാണ്. അത് മിക്ക മതങ്ങളിലെയും സാധാരണക്കാരില്‍ അപൂര്‍വവുമല്ല എന്ന കാര്യവും എടുത്തു പറയട്ടെ. ഒരു പക്ഷെ അത്തരം ശീലങ്ങള്‍ മതാതീതമായി ഗ്രാമീണതയുടെ നിഷ്ക്കളങ്കതയില്‍ പെടുത്താവുന്നതുമാണ്.

മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാഹോദര്യത്തെ സംബന്ധിക്കുന്ന ഈ തത്വം മനസ്സിലാക്കിയതിനാലാണ് ഹിന്ദുമതത്തില്‍ നിന്നും രക്ഷപെടുമ്പോള്‍ ഡോ. അംബേദ്ക്കര്‍ ഇസ്ലാമതത്തെയും ക്രിസ്തുമതത്തെയും നിശിതമായ പഠനങ്ങള്‍ക്കു ശേഷം തള്ളിക്കളയുന്നതും  വിധിവിക്കുകളില്ലാതെ സാഹോദര്യം പങ്കുവെയ്ക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമുള്ള ബുദ്ധിസം സ്വീകരിക്കുന്നതും. ഇസ്ലാമിനും ക്രിസ്ത്യാനിക്കും സാഹോദര്യമുണ്ട്. അത് അതാതു മതങ്ങളിലെ അനുയായികളോട് മാത്രം. എന്നാല്‍ ബുദ്ധിസം ആവശ്യപ്പെടുന്നത് മതഭേദമില്ലാതെ എല്ലാ മനുഷ്യരോടും മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളോടുമുള്ള സാഹോദര്യമാണ്. അതുകൊണ്ടു തന്നെ അഹിംസ അതിന്റെ പരമമായ ധര്‍മാകുന്നു. ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഇത്തരം ചില ചിന്താഗതികള്‍ മനസ്സിലേക്കു നുരയിട്ടു വന്നത് രേഖപ്പെടുത്തിയെന്നു മാത്രം.

19 അഭിപ്രായങ്ങൾ:

നിസ്സഹായന്‍ പറഞ്ഞു...

മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാഹോദര്യത്തെ സംബന്ധിക്കുന്ന ഈ തത്വം മനസ്സിലാക്കിയതിനാലാണ് ഹിന്ദുമതത്തില്‍ നിന്നും രക്ഷപെടുമ്പോള്‍ ഡോ. അംബേദ്ക്കര്‍ ഇസ്ലാമതത്തെയും ക്രിസ്തുമതത്തെയും നിശിതമായ പഠനങ്ങള്‍ക്കു ശേഷം തള്ളിക്കളയുന്നതും വിധിവിക്കുകളില്ലാതെ സാഹോദര്യം പങ്കുവെയ്ക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമുള്ള ബുദ്ധിസം സ്വീകരിക്കുന്നതും. ഇസ്ലാമിനും ക്രിസ്ത്യാനിക്കും സാഹോദര്യമുണ്ട്. അത് അതാതു മതങ്ങളിലെ അനുയായികളോട് മാത്രം. എന്നാല്‍ ബുദ്ധിസം ആവശ്യപ്പെടുന്നത് മതഭേദമില്ലാതെ എല്ലാ മനുഷ്യരോടും മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളോടുമുള്ള സാഹോദര്യമാണ്. അതുകൊണ്ടു തന്നെ അഹിംസ അതിന്റെ പരമമായ ധര്‍മാകുന്നു. ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഇത്തരം ചില ചിന്താഗതികള്‍ മനസ്സിലേക്കു നുരയിട്ടു വന്നത് രേഖപ്പെടുത്തിയെന്നു മാത്രം.

Ajith പറഞ്ഞു...

'അഹിംസ അതിന്റെ പരമമായ ധര്‍മാകുന്നു'.This tenet of buddhism is the prime force behind its iconic status let it be Tibetan or Mahayan schools

Ajith പറഞ്ഞു...

Off Topic:
In a recent debate about ban on
animal slaughter in Dutch parliament core of the resolution was
"For us religious freedom stops where human or animal suffering begins"

The same was envisaged by Buddha 2000 years ago as the period was witnessing conformist vedic practices as animal sacrifice

sm sadique പറഞ്ഞു...

ഈ വിഷയം, പടിക്കേണ്ട വിഷയം. ശരിക്കും മനസ്സിലാക്കിയിട്ട് അതിനെകുറിച്ച് സംസാരിക്കാം. ആശംസകൾ........

മാവിലായിക്കാരന്‍ പറഞ്ഞു...

>>>എന്നാല്‍ ബുദ്ധിസം ആവശ്യപ്പെടുന്നത് മതഭേദമില്ലാതെ എല്ലാ മനുഷ്യരോടും മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളോടുമുള്ള സാഹോദര്യമാണ്. അതുകൊണ്ടു തന്നെ അഹിംസ അതിന്റെ പരമമായ ധര്‍മാകുന്നു. <<<
നിസ്സഹായോ,
ഒരു സംശയം:
അഹിംസ പരമമായ ധര്‍മമാകുന്നത് ബുദ്ധമതക്കാര്‍ക്കോ അതോ ജൈനര്‍ക്കോ ?
ഡോ. അംബേദ്കര്‍ ഇങ്ങനെ പറയുന്നു.
"Ahimsa Permo Dharma is an extreme Doctrine. It is a Jaina Doctrine. It is not Buddhist Doctrine. Buddha meant to make a distinction between 'will to kill' and 'need to kill'. What he banned was killing where there was nothing but the will to kill. Buddha made a distinction between principle and Rule. He did not make Ahimsa a matter of Rule. He enunciated it as a matter of \Principle or way of life. A Principle leaves you freedom to act. A rule does not. Rule either breaks you or you break the rule. "

മറ്റു കാര്യങ്ങളെക്കുറിച്ചു പറയാന്‍ മാവിലായിക്കാരനായതിനാല്‍ തത്ക്കാലം മുതിരുന്നില്ല. സിനിമ കണ്ടുമില്ല.

Chethukaran Vasu പറഞ്ഞു...

ആഴത്തിലുള്ള ഉള്‍ക്കാഴ്ച , കൃത്യമായ നിരീക്ഷണങ്ങള്‍ . ഇഷ്ടപ്പെട്ടു . നന്ദി !

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കൊള്ളാം ..
നന്നായി പറഞ്ഞീരിക്കുന്നു..

MKERALAM പറഞ്ഞു...

'അത് മിക്ക മതങ്ങളിലെയും സാധാരണക്കാരില്‍ അപൂര്‍വവുമല്ല എന്ന കാര്യവും എടുത്തു പറയട്ടെ. ഒരു പക്ഷെ അത്തരം ശീലങ്ങള്‍ മതാതീതമായി ഗ്രാമീണതയുടെ നിഷ്ക്കളങ്കതയില്‍ പെടുത്താവുന്നതുമാണ്.'

സമ്മതിക്കുന്നു. ഇതുകോണ്ടായിരിക്കാം ഒരു പക്ഷെ കയറി വന്ന എല്ലാ മതങ്ങള്‍ക്കും നിലനില്‍ക്കാനൊരു സ്ഥലം ഇന്ത്യയില്‍ ഉണ്ടായതും, അതിനെ നമ്മള്‍ മത സൌഹാര്‍ദ്ദമെന്നു വിളിച്ചതും.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നല്ലൊരു റിവ്യൂ.

നിസ്സഹായന്‍ പറഞ്ഞു...

@ മാവിലായിക്കാരന്‍,

അഹിംസ പഞ്ച ശീലങ്ങളില്‍ പെടുന്നതാണ്. It is simply," Don't take life of other beings. Everybody love their life and do not like to be agonized physically or mentally . So don't take anyone's life. As you like your life, all others do."

പഞ്ച ശീലങ്ങളില്‍ പെടുന്നത് പരമമായ ധര്‍മമാകുന്നു. ബുദ്ധനു മുന്‍പും മഹാവീരനു മുന്‍പും സദാചാര തത്വങ്ങളായി ഇവിടെ ഇതെല്ലാമുണ്ടായിരുന്നു. താങ്കള്‍ പറഞ്ഞ പോലെ അത് പരമമായ നിയമമായി കൊണ്ടു നടന്നത് ജൈനരായിരുന്നു.പരമമായ നിയമവും പരമമായ ധര്‍മവും തമ്മില്‍ വ്യത്യാസമുണ്ടെന്നു താങ്കള്‍ മനസ്സിലാക്കുമെന്നു കരുതുന്നു. ഒന്നിന്റെയും Extreme ലേയ്ക്കു പോകാതെ മധ്യമ മാര്‍ഗമനുഷ്ടിക്കാനാണ് ബുദ്ധന്‍ ഉപദേശിക്കുന്നത്

Lipi Ranju പറഞ്ഞു...

നല്ല റിവ്യൂ ... സിനിമ കാണാന്‍ കഴിഞ്ഞില്ല, കാണണം .

പള്ളിക്കുളം.. പറഞ്ഞു...

റിവ്യൂ നന്നായി. പക്ഷേ ഇതിന്റെ ഒടുക്കം മതങ്ങൾ തമ്മിലുള്ള ഒരു താരത‌മ്യ പഠനത്തിലേക്ക് എത്തിച്ചേരുകയും പിന്നെ അറിയാതെ തന്നെ യഥാർഥ മോക്ഷ മാർഗം ‘വെളിപ്പെടുത്തുകയും’ ചെയ്തിരിക്കുന്നു. :)

പള്ളിക്കുളം.. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ravi പറഞ്ഞു...

Good review. But is there anything postive for secularism or rationalism?

ലൂസിഫര്‍ പറഞ്ഞു...

എല്ലാം കൊള്ളാം,അവസാനം പറഞത് വായിച്ചു പള്ളിക്കുലതിനുണ്ടായ ഇണ്ടല്‍ കണ്ടില്ലേ നിസ്സഹായ .

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

"ആദാമിന്റെ മകന്‍ അബു" ഈ സിനിമയെ കുറിച്ചുള്ള മറ്റുചില റിവ്യൂ-കള്‍ വായിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇത്ര ഗഹനായി വിഷയത്തെ ചര്‍ച്ചചെയ്യുന്നതായിരുന്നില്ല. സിനിമ കണ്ടതിനുശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ.

"അന്യമതസ്ഥനില്‍ നിന്ന് സ്വീകരിക്കുന്ന സഹായം മൂലം ഹജ്ജ്‌ നിര്‍വഹിച്ചാല്‍ അതിന്റെ പുണ്യം ലഭിക്കില്ല എന്നും, അന്യമതസ്ഥനെ സഹോദരനായി കാണാന്‍ കഴിയില്ല എന്നും" സിനിമയില്‍ പറയുന്നുണ്ട് എന്ന് പറഞ്ഞു. ഈ സിനിമയിലൂടെ ദേശീയ അംഗീകാരം നേടിയ സലീംകുമാര്‍ സ്വന്തം ചെലവില്‍ ഒരാളെ ഹജ്ജ്‌ ചെയ്യാന്‍ അയക്കുന്നു എന്ന് കേട്ടിരുന്നു. അപ്പോള്‍ ഈ സഹായവും കര്‍മ്മത്തിന് ഗുണം ചെയ്യില്ല എന്നല്ലേ? അലവിക്കുട്ടി എന്ന ആള്‍ സലിംകുമാറിന്റെ സഹായം സ്വീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

zubaida പറഞ്ഞു...

ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം

zubaida പറഞ്ഞു...

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??

സുബൈദ പറഞ്ഞു...

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ