ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

മതവിശ്വാസികളുടെ യുക്തിവാദം

മതങ്ങളും മതവിശ്വാസികളും വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, അവരുടെയെല്ലാം പൊതു ശത്രുവാണ് യുക്തിവാദവും യുക്തിവാദികളും. മതങ്ങളുടെ ആത്മീയശാസ്ത്രത്തെ, അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ, ദൈവവിശ്വാസത്തെ ഇന്നത്തെ കാലഘട്ടത്തില്‍ ആധുനിക സയന്‍സിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും, ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പ്രപഞ്ചവീക്ഷണം ഉപയോഗിച്ചുമാണ് യുക്തിവാദികള്‍ പൊതുവായി നേരിടാറുള്ളത്. പൊതുവെ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്പത്തിയെ സംബന്ധിച്ച ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് സാമാന്യം നല്ല പഴക്കമുണ്ട്. ഭൌതികവാദപരമായും ആശയവാദപരമായും നീണ്ടുപോകുന്ന ഈ തര്‍ക്കങ്ങളൊന്നും ആത്യന്തികമായി തന്നെ ഒരു
കടവിലെത്തിയതായി ഒരറിവുമില്ല. അത് അനുസ്യൂതം തുടരുകയും ചെയ്യുന്നു.

യുക്തിവാദികളെ എതിര്‍ക്കുന്ന കാര്യത്തില്‍ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മറന്ന് മതങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാറുമുണ്ട്. മതങ്ങള്‍ തമ്മിലും സംവാദമെന്നപേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംവാദം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മതം മാത്രമാണ് ശരിയെന്നുള്ള കാര്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള വെറും നിഷ്ഫലശ്രമം മാത്രമാണ്. കാരണം
ഒരുമതവും ആത്മീയ സംവാദത്തിലുടെ മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകളേയും അവരുടെ ദൈവത്തെയും തകര്‍ത്തതായി അറിവില്ല. ‘സ്നേഹസംവാദം’ എന്നൊക്കെ(ഇ.എ.ജബ്ബാറിന്റെയല്ല) സ്നേഹത്തിലൊക്കെ പൊതിഞ്ഞാണ് പല സംവാദങ്ങളും കൊണ്ടാടപെടാറുള്ളത്. പക്ഷേ തര്‍ക്കങ്ങളൊക്കെ നന്നായി നടക്കുമെങ്കിലും ഒടുവില്‍ "പലമതസാരവും ഏകമെന്നും",
"എല്ലാം ഒന്നു തന്നെ, പണ്ഡിതര്‍ പലതായി പറയുന്നു എന്ന് മാത്രം", ''എല്ലാ വഴികളും അവസാനം ഏകനായ അവനില്‍
എത്തിചെരുന്നു" വെന്നും കോമ്പ്രമൈസ് ചെയ്ത് പിരിയുകയേ നിവൃത്തിയുള്ളൂ.

എന്നാല്‍ പരമതത്തെ തകര്‍ക്കാന്‍ യുക്തിവാദികളെയും യുക്തിവാദത്തെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന വിരുതന്മാരുണ്ട് ബൂലോകത്തില്‍. യുക്തിവാദികള്‍ ഏതെങ്കിലും പ്രത്യേകമതത്തിന്റെ വക്താക്കളുമായോ വിശ്വാസികളുമായോ തര്‍ക്കത്തിലോ സംവാദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവിടെ കടന്നു കൂടുകയെന്നതാണ് ഈ സ്വമതവക്താക്കളുടെ അടവ്. ഈ സംവാദത്തില്‍ ഇവര്‍ യുക്തിവാദികളുടെ പക്ഷം പിടിക്കുന്നു. യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന അന്യമതത്തിന്റെ പൊള്ളത്തരം ശരിയാണെന്ന് അംഗീകരിക്കുന്നു. വേണ്ടിവന്നാല്‍ യുക്തിവാദത്തെ പ്രകീര്‍ത്തിക്കാനും മടിക്കില്ല ഈ പഹയന്മാര്‍. ഇവിടെ തന്റെ മതം യുക്തിവാദികളുടെ വിശകലനരീതിയില്‍ പരിശോധിച്ചാല്‍ കുറ്റമറ്റമാതാണെന്നും എന്നാല്‍ വിമര്‍ശനവിധേയമായിരിക്കുന്ന മതംവെറും പൊട്ടത്തരമാണെന്ന്സ്ഥാപിക്കാനുമാണ് അഭിപ്രായപ്രകടനങ്ങളിലെ ഇവരുടെ ഉത്സാഹം. കുറച്ചുനേരത്തേയ്ക്ക് നല്ലൊരു യുക്തിവാദിയായി മാറുന്ന ഇവര്‍ യുക്തിവാദികളെയും അതിശയിക്കുന്നതരത്തില്‍ തങ്ങളുടെ വിമര്‍ശന-വിശകലന ബുദ്ധിയും, ശാസ്ത്രീയസമീപന രീതിയും ഉപയോഗിക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

ഇത്തരം ‘താല്‍ക്കാലിക-യുക്തിവാദി ’കളുടെ സ്വന്തം ബ്ലോഗ്ഗിലാകട്ടെ, സ്വന്തം മതത്തിന്റെ സര്‍വ്വവിഴിപ്പുകളും, മുന്‍പ് കാണിച്ച യുക്തിചിന്തയുടെ തരിമ്പ് പോലും ഇല്ലാതെ എഴുന്നള്ളിച്ചിരിക്കുന്നത് കാണാം. ഇവര്‍ കാണിച്ച പൂര്‍വ്വയുക്തിചിന്തയുടെ വെളിച്ചത്തില്‍, ഇവരുടെ മതചിന്തകളെ, യുക്തിചിന്തയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് തന്നെ ചോദ്യം ചെയ്യാമെന്ന് വെച്ചാല്‍ നടപ്പില്ല. എല്ലാം കമന്റ് മോഡറേറ്റഡായിരിക്കും. ഇത്തരക്കാരെ കാണണമെന്നുള്ളവര്‍ ശ്രീ ഇ.എ.ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശന ബ്ലോഗുകള്‍ സന്ദര്‍ശിച്ചാല്‍
മതി. അവിടെ യുക്തിവാദികളെക്കാളും യുക്തിവാദത്തെ പിന്താങ്ങി കമന്റിയിരിക്കുന്നത് ആരാണെന്ന് നോക്കൂ.
പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!