ചൊവ്വാഴ്ച, മാർച്ച് 08, 2011

എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!

വേഷകനും ഗ്രന്ഥകാരനുമായ ശ്രീ.എന്‍.എം.ഹുസൈന്റെ വരവോടെ ബൂലോകത്ത് യുക്തിവാദികളുടെ ആധിപത്യവും അപ്രമാദിത്വവും തകര്‍ന്നു തരിപ്പണമായെന്ന് "സത്യസന്ധരായ നിരീശ്വരവാദികള്‍" എന്ന പോസ്റ്റിലൂടെ എന്റെ സ്നേഹിതനായിരുന്ന സത്യാന്വേഷി സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

ഹുസൈന്‍ മുന്നോട്ടുവെച്ച വിഷയങ്ങളില്‍,   ബ്രൈറ്റിന്റെ പ്രതികരണങ്ങളെയും ഹുസൈന്‍ അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതികളെയും അവലംബിച്ചാണ് സത്യാന്വേഷി ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്. യുക്തിവാദികളില്‍ സത്യസന്ധത മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ലെന്നും അവര്‍ ഇസ്ലാംവിരുദ്ധ വംശീയവാദികളാണെന്നും
സത്യാന്വേഷി ആരോപിക്കുന്നു. പക്ഷപാതിത്വം കൊണ്ട് അദ്ദേഹത്തിനു സമനില കൈവിട്ടു പോയതിനാല്‍ പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ അല്പം താമസിച്ചു പോയെങ്കിലും എന്റെ പ്രതികരണങ്ങള്‍  ഇവിടെ കൊടുക്കുന്നു.


'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍'എന്ന  ഹുസൈന്റെ കൃതിയില്‍നിന്നുള്ള ചിലഭാഗങ്ങള്‍ 'പരിണാമവാദികള്‍ മറുപടി പറയുമോ?'എന്ന പേരില്‍ സത്യാന്വേഷി പോസ്റ്റാക്കി ഇറക്കിയിരുന്നു. ഈ പോസ്റ്റിലെ  ഹുസൈന്റെയും ബ്രൈറ്റിന്റെയും വാദപ്രതിവാദങ്ങളെ ആധാരമാക്കിയാണ് സത്യാന്വേഷി ഹുസൈന്റെ അജയ്യത വിളംബരം ചെയ്യുന്നത്. 

'പരിണാമവാദികള്‍ മറുപടി പറയുമോ?' എന്ന സത്യാന്വേഷിയുടെ പോസ്റ്റില്‍ വന്ന ഹുസൈന്റെ കൃതിയിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കൂ :- 

"പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്.

യാഥാര്‍ഥ്യമെന്താണ് ? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ, സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ."

 
ഈ പോസ്റ്റിലെ തന്നെ സത്യാന്വേഷിയുടെ വാക്കുകള്‍ :-

 "ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്."


ഹുസൈന്‍ മുകളില്‍ പരാമര്‍ശിച്ച രണ്ടു കള്ളക്കഥകളില്‍ ആദ്യത്തേത് കേരളോല്പത്തിയെ സംബന്ധിക്കുന്ന ഒരു മിത്ത്. മിത്ത് ചരിത്രമായും  യാഥാര്‍ത്ഥ്യമായും വിശ്വസിക്കുന്നവര്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഭൂരിപക്ഷമാണ്. എന്തുകൊണ്ടാണ് പുരാണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ ഇത്തരം കഥകള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വിശ്വസിച്ചുപോകുന്നത് ? വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം. ഹൈന്ദവമിത്തായ ഈ കഥ മാത്രമല്ല, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയേയും സൌഖ്യപ്പെടുത്തുകയും കടലിനു മീതെ നടക്കുകയും ചെയ്ത യേശുവിന്റെ കഥ, ഹിറാഗുഹയില്‍ തപസ്സിരുന്ന മുഹമ്മദിനു് ദൈവം ഖുറാന്‍ വെളിപ്പെടുത്തിക്കൊടുത്ത കഥ, മലക്കുകളും മാലാഖമാരും യക്ഷികളും ഗന്ധര്‍വന്മാരും മാടനും മറുതയും ഗുളികനും ഒക്കെ ഉണ്ടെന്നുള്ള കഥകള്‍, സമകാലിക കാലത്ത് അല്‍ഫോണ്‍സാമ്മയെ പ്രാര്‍ത്ഥിച്ച് വളഞ്ഞ കാല്‍ ഓപ്പറേഷന്‍ കൂടാതെ നിവര്‍ത്തിയെടുത്ത കഥ, തുടങ്ങി ലോകത്തെ അനേക ലക്ഷം അസംബന്ധകഥകള്‍ സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍വരെ വിശ്വസിച്ച്, വിവിധ മതാനുയായികളായി ജീവിക്കുന്ന കാഴ്ചയാണ് ലോകം മുഴുവന്‍. സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്തവര്‍ മുതല്‍ അഭ്യസ്ഥവിദ്യരായ ശാസ്ത്രജ്ഞര്‍വരെ, ജനങ്ങളിലെ സിംഹഭൂരിപക്ഷവും  അന്ധവിശ്വാസികളായതു കൊണ്ടാണ്  ലോകത്തുള്ള സര്‍വമതങ്ങളും നിലനിന്നു പോരുന്നത്.
തുപോലെ 'മതാത്മകമിത്തു'കളെയും 'ദിവ്യാത്ഭുത കഥകളെ'യും വെറും കെട്ടുകഥകളായി മാത്രം കരുതുന്ന സാമാന്യ യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ്. അവരിലും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരുണ്ടാകാം. പക്ഷെ അങ്ങിനെയുള്ളവര്‍ക്ക് ശാസ്ത്രജ്ഞാനമില്ലെങ്കിലും യുക്തിബോധവും ശാസ്ത്രാവബോധവുമുള്ള  മനസ്സുമുണ്ടായിരിക്കും. യുക്തിബോധം ഒരു സഹജാവബോധമാണ് ; അത് വിദ്യാഭ്യാസം കൊണ്ട് മാത്രം നേടാനാവണമെന്നില്ല. വിശ്വാസാവിശ്വാസങ്ങളുടെ ബലാബലത്വം ഒരു സാംസ്ക്കാരികാവസ്ഥയായി എങ്ങിനെ നിലനില്‍ക്കുന്നുവെന്നതാണ് പ്രധാനം.

ഇനി ഹുസൈന്‍ ഗലീലിയോക്കഥയിലൂടെ യുക്തിയെ എങ്ങനെ തലകുത്തി നിര്‍ത്തുന്നു എന്നു നോക്കാം.
ലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറി നടത്തിയെന്നു വിശ്വസിച്ചു പോരുന്ന പരീക്ഷണകഥ യാഥാര്‍ത്ഥ്യമായാലും ബോധപൂര്‍വം കെട്ടിയുണ്ടാക്കിയതായാലും അതല്ലെങ്കില്‍ ഒരു ശാസ്ത്രസത്യം ബോധിപ്പിക്കുന്നതിന് ഭാവനയെ ഉദ്ദീപിപ്പിക്കാന്‍ ഉണ്ടാക്കിയതായാലും അതുകൊണ്ടുള്ള അപകടമെന്താണ് ? ആ കഥയിലൂടെ വെളിപ്പെടുത്താനുദ്ദേശിക്കുന്ന ശാസ്ത്രതത്വം അങ്ങ് ബോധ്യപ്പെട്ടു പോകുമെന്നതാണ് അതുകൊണ്ടുണ്ടാകാവുന്ന ഏറ്റവും വലിയ അപകടം !!!! സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ശാസ്ത്രാധ്യാപകനില്‍ നിന്നും ഗലീലിയോവിനെ സംബന്ധിക്കുന്ന കഥ  ഈയുളളവനും കേട്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരേ ഉയരത്തില്‍ നിന്നും പതിക്കുന്ന വ്യത്യസ്ത പിണ്ഡങ്ങളുള്ള വസ്തുക്കള്‍, വായു ഉണ്ടാക്കുന്ന പ്രതിരോധം അവഗണിച്ചാല്‍, ഒരേ പ്രവേഗത്തില്‍ നിലംപതിക്കുമെന്ന 'ശാസ്ത്രതത്വം' ഈ കഥയിലൂടെ ലളിതമായി മനസ്സിലായിപ്പോയി എന്നല്ലാതെ ഗലീലിയോവിനെ പ്രാര്‍ത്ഥിച്ചാല്‍ പഠിക്കാതെ പരീക്ഷപാസ്സാകാമെന്ന വിശ്വാസമൊന്നും ക്ലാസ്സിലെ ഒരു മണ്ടശിരോമണിക്കു പോലും തോന്നിയിട്ടില്ല. ഗലീലിയോവിന്റെ ഫോട്ടോയില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുകയോ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍  അദ്ദേഹത്തെ നിഗൂഢവത്ക്കരിച്ച് ദൈവമാക്കി വഴിപാടുകള്‍ നടത്തുകുയോ ചെയ്യുന്ന രീതിയിലുള്ള അപകടമൊന്നും ഈ കെട്ടുകഥ വിശ്വസിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നില്ലല്ലോ?

തേ സമയം എന്റെ താഴ്ന്ന ക്ലാസ്സിലെ പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അടുത്തിരുന്ന സുഹൃത്ത് ഒരു കത്തു തന്നു. അതില്‍ പറഞ്ഞിരിക്കുന്നു, "ഈ കത്തു  വായിക്കുന്നയാള്‍ ഇതിന്റെ കോപ്പി ആയിരം എണ്ണം എഴുതി ആയിരം പേര്‍ക്കു കൊടുത്താല്‍ അയാളുടെ ആഗ്രഹങ്ങള്‍ വേളാങ്കണ്ണി മതാവ് നിറവേറ്റിക്കൊടുക്കുമെന്നാണ്". കത്ത് അവഗണിച്ചവര്‍ക്കു നേരിട്ട ദുരന്തങ്ങളും വിവരിച്ചിട്ടുണ്ട്. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടുകാരില്‍ അധികം പേരും കത്ത് പകര്‍ത്തിയെഴുതാനും പലര്‍ക്കു കൊടുക്കുവാനും തുടങ്ങി. അപ്പോള്‍ ഹുസൈന്റെ ഭാഷ്യത്തില്‍, ഗലീലിയോവിനെ സംബന്ധിക്കുന്ന ശാസ്ത്രാന്ധവിശ്വാസപരമായ ഒരു കഥ കേട്ടപ്പോഴും ദൈവവിശ്വാസ സംബന്ധമായ ഒരു അന്ധവിശ്വാസം കേട്ടപ്പോഴും അപഹാസ്യമായ പ്രതികരണത്തിലേയ്ക്ക നയിച്ചത് ശാസ്ത്രാന്ധവിശ്വാസമല്ല, മറിച്ച് മതാന്ധവിശ്വാസമാണ്. മതവിശ്വാസികള്‍ ദൈവാന്ധവിശ്വാസത്തിനു പകരം ശാസ്ത്രാന്ധവിശ്വാസത്തില്‍ മുഴുകിയാല്‍ പോലും ഒരപകടവും സംഭവിക്കയില്ലെന്നു സാരം. അതേസമയം മതപരമോ ദൈവികമോ ആയ ഒരു ദിവ്യാത്ഭുത കഥ ഒരു വിശ്വാസി കേള്‍ക്കാന്‍ ഇടയായാല്‍, അയാള്‍
'ഒരു മനുഷ്യനെ ബലിയര്‍പ്പിച്ചാല്‍ തന്റെ ഭാവി ശോഭനമാകും' എന്നു കരുതുന്നതു മുതല്‍ 'ഇതരവിശ്വാസികളെ കൊന്നൊടുക്കിയാല്‍ തനിക്ക് സ്വര്‍ഗം ലഭിക്കു'മെന്നു കരുതി അതിനു മുതിരുന്നതുവരെയുള്ള അപകടങ്ങള്‍  നടക്കാമെന്നതാണ് മതവിശ്വാസമെന്ന അന്ധവിശ്വാസവും ശാസ്ത്രാന്ധവിശ്വാസവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം. മത/ദൈവാന്ധവിശ്വാസം കൊണ്ടുണ്ടാകാവുന്ന ഈ അപകടങ്ങളുടെ ഉദാഹരണങ്ങളാണ് ലോകചരിത്രത്തില്‍ ഏറിയകൂറും.
 

ശാസ്ത്രാന്ധവിശ്വാസങ്ങള്‍ ലോകം മുഴുവന്‍ പരത്തുന്നതും തൊണ്ടതൊടാതെ വിഴുങ്ങുന്നതും ശാസ്ത്രം പഠിക്കുന്ന, ശാസ്ത്രം വായിക്കുന്ന, ശാസ്ത്രത്തില്‍ ഗവേഷിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികള്‍ തന്നെയാണ്. കാരണം ലോകജനസംഖ്യയില്‍ അവരല്ലേ ഭൂരിപക്ഷം ?!!! ഗലീലിയോവിനെ സംബന്ധിക്കുന്ന ഈ കെട്ടുകഥ ലോകമാകെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരില്‍ നിന്നും കേട്ടു വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രരംഗത്തെ ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രകുതുകികളായ വായനക്കാര്‍ ഈ കെട്ടുകഥയെ സത്യമാണെന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള പുസ്തകങ്ങള്‍ വായിച്ച് വിശ്വസിച്ചിട്ടുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും വായനക്കാരും അടങ്ങുന്ന  ഈ കഥയറിഞ്ഞവരില്‍ എത്ര ശതമാനം പേര്‍ മതവിശ്വാസികള്‍ ആയിരുന്നിരിക്കണം ? എത്ര ശതമാനം പേര്‍ യുക്തിവാദികളായിരിക്കണം ? യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ ? അതുകൊണ്ട് ഈ ശാസ്ത്രാന്ധവിശ്വാസക്കഥയെ ലോകമാകമാനം പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ യുക്തിവാദികളായ ന്യൂനപക്ഷം വരുന്ന 'ശാസ്ത്രാന്ധവിശ്വാസികള്‍'ക്കല്ല മറിച്ച് മതവിശ്വാസികള്‍ക്കു തന്നെയാണ് എന്നതാണ് സത്യം. ഈയുളളവനെ ശാസ്ത്രം പഠിപ്പിച്ച ഒരൊറ്റ ശാസ്ത്രാധ്യാപകനും യുക്തിവാദിയായിരുന്നില്ല, മത/ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളായ ആ അദ്ധ്യാപകര്‍ എന്തുകൊണ്ട് ഈ കഥയുടെ യഥാര്‍ത്ഥ പൊരുള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ കുട്ടികളെ ഇതു പഠിപ്പിക്കുന്നു ? ശാസ്ത്രജ്ഞരുടെ ഇടയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പ് മതവിശ്വാസികളായിരുന്നു ഭൂരിപക്ഷമെന്ന് ഹുസൈന്‍ തന്നെ അദ്ദേഹത്തിന്റെ ഡോക്കിന്‍സ് നിരൂപണത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ടല്ലോ !! മതത്തെയും ദൈവത്തെയും എപ്രകാരം മനസ്സില്‍ കുടിയിരുത്തുന്നുവോ അതേ രീതിയില്‍, കേട്ടതെന്തും മുന്‍പിന്‍ ചിന്തിക്കാതെ വിശ്വസിക്കയും പറഞ്ഞുപരത്തുകയും ചെയ്യുന്ന  വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം. ഈ വ്യത്യാസം മനസ്സിലാക്കാതെ, വിശ്വസിക്കുക എന്ന കേവലപ്രവൃത്തിയെ സംബന്ധിച്ചുള്ള മതവിശ്വാസികളുടെ മന്ദയുക്തിയും  ശാസ്ത്രവിശ്വാസികളുടെ യുക്തിചിന്തയും സമാനമാണെന്ന് അത്യുക്തിയും അതിശയോക്തിയും കൂട്ടിക്കലര്‍ത്തി, നിരുപദ്രവങ്ങളായ കാര്യങ്ങളെ (ഗലീലിയോക്കഥകളെ) അവതരിപ്പിച്ച് ശ്രീ.ഹുസൈന്‍ വിശ്വാസികളേക്കാള്‍ മോശക്കാരാണ് ശാസ്ത്രാന്ധവിശ്വാസികളെന്ന് വരുത്തിത്തീര്‍ക്കാനാണ് തന്റെ കൃതിയില്‍ ശ്രമിക്കുന്നത്.

ലീലിയോ ലോഹഗോലികള്‍ താഴേക്കിട്ടു പരീക്ഷിച്ച ശേഷം ദൈവത്തില്‍ വിശ്വാസിച്ചാല്‍  കാത്തുരക്ഷിക്കപ്പെടും എന്നു തെളിയിക്കാനായി, പീസാഗോപുരത്തില്‍ നിന്നു ചാടിയെന്നും, ദൈവം അദ്ദേഹത്തെ ഒരു പോറല്‍ പോലും ഏല്പിക്കാതെ രക്ഷപെടുത്തിയെന്നും കൂടി ഒരു കള്ളക്കഥ ഇറക്കിയിട്ടുണ്ടായിരുന്നെങ്കില്‍ ഏതു കള്ളക്കഥയായിരിക്കും അപകടകരം എന്ന് ദൈവവിശ്വാസികളായ അന്ധവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. രണ്ടാമതു പറഞ്ഞതരത്തിലുള്ള കള്ളക്കഥ ഇറക്കുന്നത് അവിശ്വാസികളായിരിക്കില്ലല്ലോ ?

ഹുസൈന്റെ കുയുക്തികളില്‍ ആവേശഭരിതനായ സത്യാന്വേഷി, 'പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളെ വാസ്തവത്തില്‍, മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടതാണെന്ന് ' തന്റെ പോസ്റ്റില്‍ സമര്‍ത്ഥിക്കുന്നു.  എന്നാല്‍ സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികളാണോ, ഇനി ശരിയല്ലെങ്കില്‍ പോലും 'പരിണാമ സിദ്ധാന്ത'ത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളാണോ തത്വത്തില്‍ അപകടകാരികളെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ !!.

ശാസ്ത്രചരിത്രത്തില്‍ ഗലീലിയയുടെ പരീക്ഷണം ഒരു കെട്ടുകഥയാണെന്നും ഒരു പരീക്ഷണം നടത്താതെ തന്നെ അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ചിന്താപരമായ പരീക്ഷണത്തിലൂടെ തെറ്റാണെന്നു തെളിയിക്കാന്‍ വേണ്ടിയുള്ള സങ്കല്പനമാണ് ഈ കഥയെന്നും വിളിച്ചു പറയുന്ന സൈറ്റുകള്‍ ഒട്ടനവധിയാണ്. ഈ കഥ അദ്ദേഹത്തിന്റെ അവസാനകാല സെക്രട്ടറിയും ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനി (Vincenzo Viviani)യുടെതാണ്. മറിച്ച് ഈ കഥ സത്യമാണെന്നു പ്രസ്താവിക്കുന്ന ഒറ്റ സൈറ്റും ഉണ്ടെന്നു തോന്നുന്നില്ല. ഈ കാര്യങ്ങള്‍ ഒന്നുകില്‍ ഹുസൈന് ബോധ്യമുണ്ടായിരിക്കണം. പിന്നെ എന്തിനാണ് അദ്ദേഹം ഈ കഥ ഉദ്ധരിക്കുന്നത് ?! മതപരമായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ പോലെയോ അതിനേക്കാളേറെയോ അന്ധവിശ്വാസവും അന്ധവിശ്വാസികളും  ശാസ്ത്രലോകത്താണെന്നും അങ്ങനെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍, വസ്തുതകളെക്കാളേറെ  അന്ധവിശ്വാസങ്ങളാണെന്നും അതുപോലെയുള്ള വലിയ അന്ധവിശ്വാസമാണ്  പരിണാമവാദവും എന്നു സ്ഥാപിക്കാനുള്ള നാടകീയത സൃഷ്ടിക്കാനാണ് ഈ കഥയുമായി വരുന്നത്.

ഹുസൈന്റെ ഗലീലിയോക്കഥയുടെ പൊരുള്‍ സത്യാന്വേഷി ബ്ലോഗില്‍ ഇടുന്നതിനു മുന്‍പുതന്നെ ബ്രൈറ്റ്, ഈ വിഷയം ഉമേഷിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുള്ള കാര്യവും എടുത്തു പറയുന്നുണ്ട് . ശാസ്ത്രത്തെ സാമാന്യം ഗൌരവമായി സമീപിക്കുന്നവര്‍ക്ക്  ഈ കഥയെ സംബന്ധിച്ചുള്ള വസ്തുതകള്‍ അറിയാമെന്ന് ഉമേഷിന്റെ ബ്ലോഗില്‍ ബ്രൈറ്റ് കമന്റിയതില്‍ നിന്നും മനസ്സിലാക്കാം.

സ്തുതകള്‍ ഇതായിരിക്കേ യുക്തിയെ തലതിരിച്ചു നിര്‍ത്തുന്ന, അസംബന്ധങ്ങളെ അതിശയോക്തിയും അത്യുക്തിയും കലര്‍ത്തി അവതരിപ്പിച്ച് സാമാന്യയുക്തിയെ പെട്ടെന്നു വഴിതെറ്റിക്കാനുള്ള ഹുസൈന്റെയും സത്യാന്വേഷിയുടെയും ഉദ്യമത്തിന് ചുട്ടമറുപടി കൊടുക്കുന്നത് ഒരു തെറ്റാണോ ? അതുതന്നെയാണ് ബ്രൈറ്റ് ചെയ്തിരിക്കുന്നത്.

 ബ്രൈറ്റ് കൊടുത്ത മറുപടി താഴെക്കൊടുക്കുന്നു:-

"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്. വിക്കിയില്‍ പറയുന്നത് ഇപ്രകാരം.......there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place....... പിന്നെ അങ്ങിനെ ഒരു കഥ ആരെങ്കിലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയതല്ല. ഈ കഥ ഗലീലിയോവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനിയുടേതാണ്. അല്ലാതെ താങ്കള്‍ ആരോപിക്കുന്നതുപോലെ പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയല്ല. ഗലീലിയോ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇപ്രകരമാണ്...

'’I greatly doubt that Aristotle ever tested by experiment whether it is true that two stones,one weighing ten times than the other,if allowed to fall at the same instant,from a height of say,100 cubits(the height of pisa’s tower) would so differ in speed that when the heavier reached the ground,the other would not have fallen more than 10 cubits.'’

ഈ വരികളായിരിക്കണം ശിഷ്യന്‍ അല്പം നാടകീയമായി അവതരിപ്പിച്ചത്.

ഗലീലിയോയുടെ പരീക്ഷണത്തേപ്പറ്റി ഞാന്‍ ഒരിക്കല്‍ ഉമേഷിന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കോപ്പി ചെയ്യുന്നു...

ഗലീലിയോ പരീക്ഷണം നടത്തി എന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പൊയിന്റുണ്ട്.ആദ്യം ഒരു ട്രിവിയ.ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു ഭാരം താഴേക്കിട്ട് പരീക്ഷണമൊന്നും നടത്തീട്ടില്ല.മറിച്ചുള്ളത് വെറും കഥകള്‍ മാത്രമാണ്. Even if he did try it,he could have achieved nothing because to determine the law of acceleration of falling bodies, required accurate measurements of time, which appeared to be impossible with the technology at his time.എന്തായാലും അരിസ്റ്റോട്ടിലിന്റെ തത്വം തെറ്റാണെന്ന് ധാരാളം പേര്‍ ഗലീലിയോവിനു മുന്‍പുതന്നെ പറഞ്ഞിരുന്നു. Simon Stevin എന്ന ആള്‍ ഗലീലിയോവിനു മൂന്ന് വര്‍ഷം മുന്‍പുതന്നെ ഒരു പരീക്ഷണം നടത്തിയതായി കാണുന്നു. ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ സമയം തറയില്‍ വീഴുന്നു എന്ന് ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം പറഞ്ഞത്. നേരത്തെ പറഞ്ഞപോലെ കൃത്യമായി സമയം അളക്കാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ഗലീലിയോ പരീക്ഷണം നടത്തിയത് ഒരു ചെരിഞ്ഞ പ്രതലത്തില്‍ കൂടി ലോഹ ഗോളങ്ങള്‍ ഉരുട്ടിവിട്ട് (വേഗം കുറക്കാന്‍) അതെന്റെ വേഗം ഒരു ജല ഘടികാരം കൊണ്ട് അളന്നായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഗലീലിയോവിന്റെ മഹത്വം? താങ്കള്‍ സൂചിപ്പിച്ചപോലെ പരീക്ഷണം നടത്തി എന്നതല്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഗലീലിയോ ഈ വിഷയം എങ്ങിനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചത് എന്ന് നോക്കാം. (Two New Sciences (1634)).അദ്ദേഹത്തിന്റെ കഥാപാത്രമായ Salviati (ഇദ്ദേഹമാണ് ഗലീലിയോവിനു വേണ്ടി പുസ്തകത്തില്‍ സംസരിക്കുന്നത്.)പരീക്ഷണം ഒന്നും കൂടാതെതന്നെ അരിസ്റ്റോട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഒരു ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും സങ്കല്‍പ്പിക്കുക. അരിസ്റ്റോട്ടിലിന്റെ തത്വം പ്രകാരം ഭാരം കൂടിയ വസ്തു വേഗം താഴെയെത്തും. ഭാരം കൂടിയ വസ്തുവിന്റെ വേഗം എട്ടും ഭാരം കുറഞ്ഞ വസ്തുവിന്റെ വേഗം നാലും എന്ന് കരുതുക. ഇനി ഈ രണ്ടു വസ്തുക്കള്‍ കൂട്ടികെട്ടി താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും?ഭാരം കൂടിയ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കുറഞ്ഞ വസ്തു വീഴുന്ന വേഗം കൂടണം. അതേപോലെ ഭാരം കുറഞ്ഞ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കൂടിയ വസ്തുവിന്റെ വേഗം കുറയണം. എന്തായാലും ഈ പുതിയ വസ്തുവിന്റെ വേഗം എട്ടില്‍ താഴെയായിരിക്കണം. പക്ഷേ കൂട്ടികെട്ടിയ വസ്തുവിന് ഭാരം കൂടുതലായത് കൊണ്ട് (8+4) അതിന്റെ വേഗം എട്ടില്‍ കൂടണം. അപ്പോള്‍ കൂട്ടികെട്ടിയ വസ്തുവിന്റെ വേഗം എട്ടില്‍ കൂടുതലോ കുറവോ?രണ്ട് ഉത്തരവും ഒരേപോലെ ശരിയാവില്ലല്ലോ. So Aristotle’s initial assumption is wrong because a logical contradiction can be demonstrated.

So the real contribution of Galileo is not that he did experiments,(of course he did it) but the concept of LOGICAL CONSISTENCY. There is no point in doing experiments if your idea lacks internal consistency.

ഇതിത്ര വിശദമായി പറഞ്ഞത് ഈ പുസ്തകമെഴുതിയ വിദ്വാന്‍ എന്തുമാത്രം റിസര്‍ച്ച് ചെയ്തിട്ടുണ്ട്, ഇയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര മാത്രം വിശ്വാസ്യതയുണ്ട്, എന്നതിന്റെ ഒരു സൂചന കിട്ടാനാണ്.,വിഷയം അറിയുന്നവരൊന്നും പറയാത്ത ഒരു കാര്യം അവരുടെ മേല്‍ ആരോപിക്കുന്നത് ചില പാതി വെന്ത സത്യാന്വേഷികളുടെ കൈയ്യടി കിട്ടാം ഉപകരിക്കും. അല്ലാതെ ആരും ഈ മാതിരി പുസ്തകങ്ങള്‍ ഗൌരവത്തിലെടുക്കില്ല.

പിന്നെ, ആ പുസ്തകം എന്റെ കൈയിലുണ്ട്. ഞാന്‍ കാശു കൊടുത്തു വാങ്ങിയതല്ല. വേറൊരാള്‍ക്ക് സൌജന്യമായി ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ കിട്ടിയപ്പോള്‍ ഒരെണ്ണം എനിക്ക് വായിച്ചു ചിരിക്കാന്‍ തന്നതാണ്.(അല്ലാതെ ഇതൊക്കെ ആരെങ്കിലും കാശു കൊടുത്തു വാങ്ങുമോ?:-))ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ കളികള്‍ മനസിലാക്കാം. ആ ചവറിനെക്കുറിച്ചു ആരും ഒന്നും എഴുതാത്തത്,ഓരോ പേജിലേയും വിഡ്ഢിത്തങ്ങള്‍ വിശദീകരിക്കാന്‍ കുറഞ്ഞത് പത്തു പേജെങ്കിലും ചെലവാക്കണം എന്നതു കൊണ്ടാണ്.പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli ഒരിക്കല്‍ പറഞ്ഞത് തന്നെ ഞാനും പറയാം...His idea is so bad, that it is'nt even wrong..!!!..."

ബ്രൈറ്റിനുള്ള  ഹുസൈന്റെ  മറുപടി :- "ശാസ്ത്രവിശ്വാസികളും കള്ളക്കഥയുണ്ടാക്കാറുണ്ട് എന്നതിനു തെളിവാണ് ഗലീലിയോ പിസാഗോപുരത്തില്‍ കയറിയ കഥ. 'ഗലീലിയോപ്പരീക്ഷണ'ത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചാല്‍ ഇത് കെട്ടുകഥയല്ലാതാവുമോ ? ആചാര്യന്റെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ ശിഷ്യന്മാര്‍ തന്നെയാണെല്ലോ കള്ളക്കഥകള്‍ നിര്‍മിക്കാറ് !

ഇന്ന് പ്രചാരത്തിലുള്ളതും ശാസ്ത്രസമൂഹം പൊതുവേ വിശ്വസിക്കുന്നതുമായ ഈ കഥയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം എന്ന മറ്റൊരു നുണക്കഥ കുറിപ്പുകാരന്‍ ഹാജരാക്കിയതുകൊണ്ട് എന്തുണ്ട് പ്രയോജനം ! ഗലീലിയോ ശിഷ്യന്‍ കെട്ടിച്ചമച്ച ഈ കഥ അരനൂറ്റാണ്ടു മുമ്പുവരേയും ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ശാസ്ത്രപക്ഷപാതികള്‍ കെട്ടുകഥാ നിര്‍മാണത്തിലും വിതരണത്തിലും സംരക്ഷണത്തിലും സമര്‍ത്ഥരാണെന്ന കാര്യം കൂടി തെളിയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ സാങ്കേതിക വശങ്ങള്‍ നിരത്തി ഈ തട്ടിപ്പിന് മറയിടാനുള്ള വിഫലശ്രമം സഹതാപാര്‍ഹമാണ്."

ഹുസൈന്റെ ഈ മറുപടി  വീണത് വിദ്യയാക്കാനും സത്യം അംഗീകരിക്കാതിരിക്കാനുമുള്ള ജാള്യതയില്ലാത്ത നിലപാടാണ് വെളിപ്പെടുന്നത്. ബ്രൈറ്റും ഹുസൈനും തമ്മിലുള്ള ഈ ചോദ്യോത്തരങ്ങളില്‍ ബ്രൈറ്റ് തോറ്റുതൊപ്പിയിട്ടു എന്ന നിഗമനത്തില്‍ സത്യാന്വേഷി എത്തുകയും ഹുസൈനെ വാഴ്ത്തിപ്പാടുകയും ഈ അസംബന്ധ മറുപടി കൊണ്ട് ഹുസൈന്‍ ബ്രൈറ്റിനെ മലത്തിയടിച്ചു എന്നുമാണ് സത്യാന്വേഷിയുടെ വാദമെങ്കില്‍  അദ്ദേഹത്തിന്റെ സംവേദനക്ഷമതയ്ക്ക് കാര്യമായ തകരാറുണ്ട്. അത് അന്ധമായ ഹുസൈന്‍ വിശ്വാസം കൊണ്ടുണ്ടാകുന്ന പരിഹാരമില്ലാത്ത തകരാറുമാണ്.!!!!

ത്യത്തില്‍ ബ്രൈറ്റ് കൊടുത്തതിനേക്കാള്‍ നല്ലൊരു മറുപടി കൊടുക്കാനുണ്ടോ ? ഈ മറുപടി ഏറ്റവും ഫിറ്റായതാണെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍, "ഇതാണു ബൂലോകത്തെ പ്രമുഖ യുക്തിവാദികളുടെ മറുപടി പറയുന്ന രീതി. അഹങ്കാരവും വംശീയ വിദ്വേഷവുമല്ലാതെ ശാസ്ത്രീയത, യുക്തി, മര്യാദ, സത്യസന്ധത ഇവ തൊട്ടു തെറിച്ചിട്ടില്ല" എന്നാണ് സത്യാന്വേഷി പ്രസ്താവിക്കുന്നത്. ചക്കിനെ കൊക്കാക്കുന്ന, കറുപ്പ് ശര്‍ദ്ദിച്ചയാള്‍ കാക്കയെ ശര്‍ദ്ദിച്ചെന്നും പറഞ്ഞുപരത്തുന്നവരോട് ഇതിനേക്കാള്‍ നന്നായി എങ്ങിനെ മറുപടി പറയും ?!!!

"സത്യസന്ധരായ നിരീശ്വരവാദികള്‍" എന്ന സത്യാന്വേഷിപ്പോസ്റ്റില്‍ ആശാനും ശിഷ്യനും ഇതുപോലെ ബ്രൈറ്റിനെ നിലംപരിശാക്കിയതിന്റെ  ബാക്കിഭാഗങ്ങള്‍ കിടപ്പുണ്ട്. ഈ പോസ്റ്റ് നീണ്ടുപോയതിനാല്‍ അത് പിന്നീട് വിവരിക്കാം. കൂടാതെ ഇതുപോലെ ജാക്ക്റാബിറ്റിനെയും ഹുസൈന്‍ വലിച്ചുകീറിയ കാര്യം സത്യാന്വേഷി പോസ്റ്റാക്കുന്നുണ്ട് എന്നു ഭീഷണിപ്പെടുത്തിയിരുന്നു. അതു കൂടി വന്നിട്ടാകട്ടെ ബാക്കി ഭാഗം.


( ഈ പോസ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ സത്യാന്വേഷിയുടെ പരാമര്‍ശിത ബ്ലോഗുകള്‍ റഫറന്‍സിനായി അന്വേഷിച്ചു. അവയിപ്പോള്‍ ക്ഷണിക്കപ്പെട്ട ചീയര്‍ഗേള്‍സിനായി മാത്രം തുറന്നുവെച്ചിരിക്കയാണ്.  പഴയ 'സത്യാന്വേഷി'യെ അവസാനിപ്പിക്കും, URL മാറ്റി പുതിയ 'സത്യാന്വേഷി'യെ തുറക്കും, ചിലപ്പോള്‍ എല്ലാം പൂട്ടിവെയ്ക്കും. ചിലപ്പോള്‍ കമന്റ് മോഡറേറ്റും, ചിലപ്പോള്‍ കമന്റ് ബോക്സ് അടച്ചു വെയ്ക്കും ഇതൊക്കെയാണ്  നാളിതുവരെയുള്ള സത്യാന്വേഷണരീതികള്‍!! ഈ പോസ്റ്റില്‍ ഇട്ടിട്ടുള്ള സത്യാന്വേഷിയുടെ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍, അദ്ദേഹം അതെല്ലാം പൂട്ടിവെച്ചിരിക്കുന്നതിനാല്‍ വര്‍ക്കു ചെയ്യുന്നില്ല. ആകെ പരിഭ്രാന്തനായ ഈ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടാല്‍, ഇദ്ദേഹത്തിനു സുബോധമില്ലെന്നു പറയുന്നവരെ ആരെങ്കിലും തെറ്റു പറയുമോ ?!!)