ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 24, 2010

വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!

(ഹൈന്ദവവിശ്വാസത്തിന്റെ ഇര മധു)
ഹൈന്ദവ വിശ്വാസപദ്ധതികളുടെ ഇരയായി ഇതാ ഒരു കുരുന്നു ജീവനും കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍  70 ദിവസം പ്രായമായ കുഞ്ഞിനെ അതിന്റെ പിതാവു നിലത്തടിച്ചു കൊന്നു (11-09-2010). പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ചള്ളിക്കടപ്പുറത്തിനു സമീപം പുതുവല്‍ മധുവിന്റെ കടിഞ്ഞൂല്‍ കണ്‍മണി അഖില്‍ദേവാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റുചെയ്തു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് പല്ല് അല്പം മുളച്ചിരുന്നു എന്നതാണ് പിതാവിനെ വേവലാതിപ്പെടുത്തിയത്. സ്ത്രീവിരുദ്ധ നിലപാടുള്ള നമ്മുടെ സമൂഹത്തില്‍ ആണ്‍ കുട്ടിയായിരുന്നിട്ടു പോലും ഈ കുഞ്ഞിന് രക്ഷപെടാനായില്ല. പല്ലോടു കൂടി ജനിക്കുന്നത്  ദുഃശകുനത്തിന്റെയും ആപത്തിന്റെയും സൂചനയാണെന്ന് ഹിന്ദുക്കള്‍ വിശ്വാസിക്കുന്നു. അത് ശരിയാണെന്ന് പ്രവചിച്ച് പിതാവിനെ അങ്കലാപ്പിയ ജോത്സ്യപ്രവരന്റെ നടപടിയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.(വാലോടുകൂടി കുഞ്ഞ് ജനിച്ചാല്‍ ഭാഗ്യമത്രെ ! അപൂര്‍വമായി വാലോടു കൂടി ജനിച്ച ശിശുക്കളെ ഹനുമാന്റെ അവതാരമായി കണക്കാക്കി പൂജിക്കുകയും കുട്ടിയെ ഭാഗ്യചിഹ്നമായി കണക്കാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.)

(ഹനുമാന്റെ ജന്മമായതിനാല്‍ ഭാഗ്യവാനായ കുട്ടി)
(ഹനുമാന്‍ അവതാരത്തെ ആരാധിക്കാന്‍ കൂടിയ ഹിന്ദു ഭക്തര്‍)


   ഹിന്ദുവിന്റെ വിശ്വാസങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടുത്ത അന്ധവിശ്വാസങ്ങളാണ്. മിക്കപ്പോഴും അവ അപഹാസ്യമായ രീതിയില്‍ അശ്ലീലവും  പ്രാകൃതവുമാണ്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതിനോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചുപോരുന്നതിനാല്‍ അവ വളരെ സ്വാഭാവികമായും  ശാസ്ത്രാനുസാരിയായും  ആളുകള്‍ക്ക് തോന്നുന്നു. കവിളിലൂടെ ശൂലം കുത്തിയിറക്കി, ജഢ കെട്ടിയ മുടിയും കാവടിയുമായി കാവിയുടുത്തു നമ്മുടെ വീട്ടുമുറ്റത്തു നേര്‍ച്ചക്കായി വരുന്ന ഒരു സുബ്രമണ്യഭക്തനെ കണ്ടാല്‍ നമുക്ക് അസ്വഭാവികമായി യാതൊന്നും തോന്നുകയില്ല. സാധാരണക്കാര്‍ക്ക് ആദരവേ തോന്നുകയുള്ളു. കഴിയുമെങ്കില്‍ വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ കൂടി മറക്കില്ല. ഇത്തരത്തില്‍ എന്തെല്ലാം അസംബന്ധങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവിച്ചു പോകുന്നത് ! ഒരു കൂട്ടം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരമാണ് ഹിന്ദുമതം. അതില്‍ ദരിദ്ര-ധനിക വ്യത്യാസമോ ഉച്ച-നീച ജാതിവ്യത്യാസമോ ഇല്ല. വിദ്യാസമ്പന്നരും  ബുദ്ധിജീവികളും കവികളും കലാകാരന്മാരും (പ്രത്യേകിച്ച് സിനിമാക്കാര്‍) എന്ന വ്യത്യാസമില്ല. ഇതിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. അത് വിശകലനം ചെയ്ത് കണ്ടുപിടിക്കുകയെന്നുള്ളതും അസാധ്യമായ കാര്യം തന്നെ. എങ്കിലും ഋഷിപ്രോക്തവും പൌരാണികവുമായ ദര്‍ശനങ്ങളും ദേവസൃഷ്ടമായ വേദങ്ങളുമാണ് അതിന്റെ അടിസ്ഥാന പ്രമാണമെന്ന വിശ്വാസമായിരിക്കാം അതിന്റെ അപ്രമാദിത്വപരമായ നിലനില്‍പിനുള്ള ന്യായം.  അതിലെ നിര്‍വഹണസംഗതികളെല്ലാം വിരട്ടുഭാഷയായ സംസ്കൃതത്തില്‍ ഉരുക്കഴിച്ചാല്‍ കൂടുതല്‍ അതിഭൌതികമായി തീരുകയും ചെയ്യുന്നു. സംഗതി ദേവന്റെയും ബ്രാഹ്മണന്റെയും ഭാഷയല്ലേ ! ബ്രാഹ്മണന്റെ സുഖജീവിതത്തിന്, അവന്റെ അദ്ധ്വാനിക്കാതെയുള്ള ജീവിതത്തിന് പടച്ചുണ്ടാക്കിയതാണ്  ഏതാണ്ട് എല്ലാ ആചാര വിശ്വാസങ്ങളും.
 

ഇന്ന് ജോത്സ്യന്‍-പൂജാരി-തന്ത്രി ത്രിത്വങ്ങളാണ് ഹിന്ദുത്വ അന്ധവിശവാസങ്ങളുടെ പ്രയോക്താക്കളും പ്രായോജകരും. പൂച്ച കുറുകെ ചാടിയാലുണ്ടാകാവുന്ന മനഃക്ലേശം മുതല്‍ ഗുളിക -രാഹു -കേതു -ശനി തുടങ്ങിയ കണ്ടകടച്ചാണികളുടെ അപഹാരം വരെ ഹിന്ദുവിന്റെ ജീവിതത്തെ കുഴപ്പത്തിലാക്കി അവനെ ജോത്സ്യന്റെ മുന്നിലേക്ക് ആനയിക്കുന്നു. രോഗദുഃഖാദികളില്‍ നിന്നും മോചിതനായി ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ അഭിവൃത്തിയുടെ പടവുകള്‍ താണ്ടിക്കടന്ന് സംസാരസാഗരത്തിന്റെ മറുകര പൂകാന്‍ ജോത്സ്യന്റെ മുന്നിലെത്തുന്ന ദുഃഖിയുടെ പ്രശ്നങ്ങള്‍ക്ക് അയാള്‍ പരിഹാരം വിധിക്കുകയാണ്. കവടി നിരത്തിയും മഷിയിട്ടു നോക്കിയും മറ്റ് വൈവിധ്യമാര്‍ന്ന തരികിട പരിപാടികളിലൂടെ അയാള്‍ നമ്മുടെ തലയിലെഴുത്ത് വായിച്ചെടുക്കുന്നു. പോക്കറ്റിനു തൂക്കമുണ്ടെങ്കിലും ഇല്ലെങ്കിലും പുരയിടം വിറ്റായാലും പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ളതിനാലും അയാള്‍ ദൈവത്തെ വരുതിക്കു നിറുത്താന്‍ കഴിവുള്ള മന്ത്രത്തിന്റെ ഉടമസ്ഥനായ ബ്രാഹ്മണതന്ത്രിയുടെയും പൂജാരിയുടെയും അടുക്കലേക്ക് നമ്മേ പറഞ്ഞയക്കുന്നു, ഉള്ളില്‍ ചിരിച്ചു കൊണ്ട്! അങ്ങനെ ടി ത്രിത്വങ്ങള്‍ പരസ്പരം കമ്മീഷന്‍ പങ്കുവെച്ച് അനുസ്യൂതം തുടരുന്ന തരികിടകള്‍ പറഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്നതല്ല.

സാമാന്യം സാമ്പത്തികശേഷിയുള്ളവരൊഴിച്ചാല്‍ ഹിന്ദുമതാന്ധവിശ്വാസത്തിന്റെ പുലിമടയില്‍ പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ സാധാരണക്കാരാണ്. അധഃകൃതര്‍ക്ക് സ്വന്തം അടിമത്തത്തില്‍ നിന്നും മോചനം നേടാനാകാത്തതും  ഈ വിശ്വാസസംഹിതയുടെ ഇരകളായി പോയതുകൊണ്ടാണ്.

കുഞ്ഞിനെ നിലത്തടിച്ച പിതാവു മാത്രമല്ല അയാളുമായി ബന്ധപ്പെട്ട നാട്ടുകാരൊക്കെയും അയാളുടെ വിശ്വാസത്തെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ജോത്സ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്,  കുട്ടിയുടെ പിതാവിന്റെ തെറ്റിദ്ധാരണ തിരുത്തി ആത്മധൈര്യം പകര്‍ന്ന് കൊടുക്കാമായിരുന്നു. എന്നാല്‍ അയാള്‍ അതു ചെയ്തില്ല. അപ്പോള്‍ ചൂഷണം നടക്കില്ലല്ലോ ! മുളച്ച പല്ലോടുകൂടി ജനിച്ച കുട്ടി പിതാവിന്റെ അന്തകനാണെന്നു വിശ്വസിപ്പിച്ചാല്‍ മാത്രമല്ലെ പരിഹാരകര്‍മങ്ങള്‍ നിര്‍ദേശിച്ച്  കുറെ ക്ഷേത്രങ്ങളിലേക്ക് വഴിപാടും ഹോമവും കുരുതികളുമൊക്കെ നടത്തിച്ച് പതിനായിരങ്ങള്‍ അടിച്ചുമാറ്റാന്‍ ആകൂ.

സനാതനസിശ്വാസികളുടെ വിശ്വാസാഭാസത്തരങ്ങള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരുന്നത് കൊണ്ട് അവ അശ്ലീലങ്ങളാണെന്ന് ആര്‍ക്കും തോന്നുകയില്ല.
'ചന്ദ്രയാ'ന്റെ തിരികത്തിച്ചു വിടുംമുമ്പേ, 'ദൈവമേ ഞങ്ങളുടെ പ്രയത്നം വിജയത്തിലെത്തിക്കണമേ' എന്ന് ആത്മാര്‍ത്ഥമായി മാധവന്‍നായര്‍ സയന്റിസ്റ്റ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അത് അശ്ലീലമായി വിവേകബുദ്ധിയുള്ളവര്‍ കാണുകയില്ലായിരുന്നു. എന്നാല്‍ അനുഷ്ഠാനപരമായ തുലാഭാരവും തേങ്ങായുടയ്ക്കലും പോലുള്ള കാളികൂളിവിക്രിയകളാണ് പ്രാര്‍ത്ഥനയേക്കാള്‍ ദൈവത്തെ കീഴ്പെടുത്താന്‍ പറ്റിയ വിദ്യയെന്നും മന്ത്രത്തിനും തന്ത്രത്തിനും വിധേയനായ ദൈവം ബ്രാഹ്മണന്റെ വരുതിക്കു നില്‍ക്കുന്ന അടിമയാണെന്നും അതുകൊണ്ട് തങ്ങള്‍ തന്നെയാണ് ഇതെല്ലാം അനുഷ്ഠിക്കേണ്ട പുരോഹിതരെന്നും പറഞ്ഞ് ബ്രാഹ്മണേഭ്യന്മാര്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ചു വിശ്വസിപ്പിച്ച് മുതലെടുപ്പ് നടത്തിയ കഥയാണ് ഇന്ത്യാ ചരിത്രത്തിന്റെ മുക്കാല്‍ പങ്കും. അങ്ങനെ ഹൈന്ദവാചാരങ്ങളെന്ന ആഭിചാരക്രിയകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മുദ്രകൂടിയാക്കി മാറ്റുകയാണ് സനാതനികള്‍ !

ജോത്സ്യത്തിലുള്ള വിശ്വാസം എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തില്‍ തളച്ചിടുന്നത്. അഭ്യസ്ഥവിദ്യര്‍ പോലും തങ്ങളുടെ ഇണയെ കണ്ടെത്തുന്നത് നാള്‍പ്പൊരുത്തം, ചൊവ്വാദോഷം , ജാതകഫലം ആദിയായവ നോക്കിയാണ്. വിദ്യാഭ്യാസവും സൌന്ദര്യവും ജോലിയുമുള്ള എത്രയോ പെണ്‍കുട്ടികള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ അനുയോജ്യനായ വരനെ കിട്ടാതെ ഒന്നിനും കൊള്ളാത്തവന്റെ കൂടെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു.

മനുഷ്യന്‍ കൂടാതെ ഹൈന്ദവാചാരങ്ങളുടെ പേരില്‍ കഷ്ടപ്പെടുന്ന മറ്റൊരു ജീവിയാണ് ആന. ഈ ജീവിയെ കഷ്ടപ്പെടുത്തി പലപ്പോഴും അത് നിയന്ത്രണം വിട്ട് ഭ്രാന്തിളകി പലരുടെയും ജീവനും സ്വത്തിനും കനത്ത നാശം വന്നു കൊണ്ടിരിന്നിട്ടും തല്‍സമയങ്ങളില്‍  ബന്ധപ്പെട്ട ഭഗവാന്‍/മൂര്‍ത്തി ആരെയും രക്ഷപെടുത്തിയ ചരിത്രം ഇല്ല. എന്നിട്ടും ഈ മൃഗപീഡനവും തത്ദ്വാരായുള്ള മനുഷ്യപീഢനവും സ്വത്തുനാശവും അവസാനിപ്പിക്കാന്‍ ഈ അപരിഷ്കൃതര്‍ തയ്യാറാകുന്ന ലക്ഷണമില്ല. കേന്ദ്ര ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്നതിനെതിരെ സനാതനഫാസിസ്റ്റുകള്‍ ഒച്ചയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.



ഇന്ത്യയില്‍ ഹിന്ദുമതത്തോട് ഏറ്റുമുട്ടി ഉയര്‍ന്നു വന്ന ഏല്ലാ മതങ്ങളും അതിന്റെ മുമ്പില്‍ മുട്ടുമടക്കി. ഇവിടെ വന്ന വൈദേശിക മതങ്ങളുടെയും അവസ്ഥ തഥൈവ! എനിക്കു തോന്നുന്നത് ഹിന്ദുമതത്തിലെ അന്ധവിശ്വാസജഢിലമായ ആഭിചാരക്രിയകളുടെ ആധിക്യം അതിനെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും മതമാക്കി മാറ്റിയിരിക്കുന്നതു കൊണ്ട്, ഒരു മാജിക്കുപോലെ, 'ഓം ക്രീം സ്വാഹ...' എന്നൊക്കെയുള്ള മന്ത്രതന്ത്രാദികള്‍ കൊണ്ട് അത് ആളുകളെ കൌതുകപ്പെടുത്തിയും ഭയപ്പെടുത്തിയും നിര്‍ത്തുന്നതായിരിക്കാം  അതിന്റെ വിജയത്തിനുള്ള ഒരു കാരണം. മറ്റൊന്ന് ദൈവത്തെ നേരിട്ടു കാണിച്ചുതരുന്ന  മറ്റേതു മതമുണ്ട് ഈ ലോകത്തില്‍ ? ക്ഷേത്രമെന്ന നാലു കല്‍ച്ചുവരിനുള്ളിലെ അന്ധകാരത്തില്‍ ദീപാവലികളുടെ വൃത്തത്തിനുള്ളില്‍ വ്യക്തമായ കാഴ്ചക്ക് വിധേയപ്പെടാതെ കാണുന്ന വിഗ്രഹം അലൌകികമായ ആത്മീയാനുഭൂതി ഭക്തനില്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണനെന്ന അത്ഭുതമനുഷ്യന്റെ പൂജാവിധികളില്‍ നിയന്ത്രിതനായി ഭക്തനുവേണ്ടി  വിനീതദാസനായി നില്‍ക്കുന്ന ഭഗവത് ചൈതന്യം മറ്റേതു മതത്തിലെ പൌരോഹിത്യത്തിനാണ് ഇതുപോലെ ഒരുക്കിത്തരാനാകുന്നത് ? ഭഗവാനെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണനും അമ്പലത്തിനുള്ളിലെ വിഗ്രഹവും സാമാന്യയുക്തിയിലെങ്കിലും അധിഷ്ഠിതമായ മറ്റ് മതങ്ങളെ നിലമ്പരിശ്ശാക്കുവാന്‍ പര്യാപ്തമാണ്. ഇതു തന്നെയായിരിക്കാം ഒരിക്കലും തകരാത്ത ഹിന്ദുമതത്തിന്റെ വിജയരഹസ്യം. ഇതു തകരണമെങ്കില്‍ അക്ഷരസാക്ഷരത പോരാ ആശയസാക്ഷരത കിട്ടിയാലെ സാധ്യമാവു. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ ഒരിക്കലും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാത്തിടത്തോളം ഈ മതം അജ്ജയ്യമായി തുടരും.

ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജകളും അവയുടെ പ്രയോജനങ്ങളും നോക്കൂ. മൃത്യുഞ്ജയഹോമം- ഈ വഴിപാട്  ശിവക്ഷേത്രത്തില്‍ പതിവായി കഴിച്ചാല്‍  പിന്നെ മരണം ഒരിക്കലും ഉണ്ടാകില്ല. തിങ്കളാഴ്ച വൃതം-മുറതെറ്റാതെ അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും ഇഷ്ടവരനേയും ലഭിക്കും.
കൈവെട്ടക കുരുതി(കൈവെട്ടാ കുരുതി)- ശത്രുവിന്റെ കൈ വെല്ലവരും വെട്ടിയെടുക്കാനുള്ള ആഭിചാരക്രിയയാണോ അതോ ശത്രുവിന്റെ ഹിംസയാണോ ഇതുകൊണ്ട് ലക്ഷ്യമിടുന്നെതെന്ന് അറിഞ്ഞു കൂടാ (ജോസഫ് മാഷിന്റെ ശത്രുവായ അയല്‍വാസികളായ ഹിന്ദുക്കാളാരെങ്കിലും ടി പൂജനടത്തിയിട്ടായിരിക്കും അദ്ദേഹത്തിന്റെ കൈ എന്‍.ഡി.എഫ് ഭീകരന്മാര്‍ വെട്ടിയെടുത്തത്. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ കഷ്ടകാലത്തിനുള്ള പോംവഴി കണ്ടു പിടിച്ച പ്രശ്നകാരിയെക്കൊണ്ട് ഈ വഴിക്ക് ഒന്ന് കവടി നിരത്തിച്ചു നോക്കിയാല്‍ കേസിനു് മറ്റൊരു വഴിത്തിരിവായിരിക്കും ഉണ്ടാകുന്നത്.). ശത്രുസംഹാരപൂജ- ഇതു ഉറപ്പായിട്ടും ശത്രുവിനെ തട്ടിക്കളയും. വിദ്യാഗോപാലമന്ത്രം- ആയിരത്തൊന്നു തവണ തെറ്റാതെ ചൊല്ലിയാല്‍ വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കും; ഉന്നത വിജയം കരസ്ഥമാക്കും. മണ്ണാര്‍ശാല പാമ്പുക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയാല്‍ വന്ധ്യര്‍ക്കു കുട്ടികളുണ്ടാകും. ഇങ്ങനെ നൂറുകണക്കിന് പൂജകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികളായ ഹിന്ദുക്കള്‍ ശ്വാസം വിട്ട് ജീവിച്ചു പോരുന്നത്. മറ്റുമതങ്ങളില്‍ എവിടെയാണ് ഒരോരോ കാര്യത്തിനും ഇത്ര വൈവിധ്യമാര്‍ന്ന പ്രയോജകവൈഭവമുള്ള പ്രാര്‍ത്ഥനാപദ്ധതികളോ സൂത്രവിദ്യകളോ ഉള്ളത് ?! പുതുതായി പലതരത്തിലുള്ള വഴിപാടുകളും മറ്റും സംഘപരിവാര്‍ ശക്തികളുടെ നേത‍ത്വത്തില്‍ മിക്ക ക്ഷേത്രങ്ങളിലും സൃഷ്ടിച്ചു പോരുന്നുണ്ട്. പൊങ്കാല എന്ന കലാപരിപാടി ജനകീയവത്ക്കരിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വ്യാപകമാക്കിയതിനും നാം നന്ദിയുള്ളവരായിരിക്കുക. 

ജാതി സമ്പ്രദായമാണ് ഏറ്റവും വലിയ അനാചാരവും അന്ധവിശ്വാസവും. ഒരു മതമാണെന്നു പറയുന്ന സംഗതിയില്‍ അതിലുള്‍പ്പെടുന്നവര്‍ക്ക് ഒരേ സ്ഥാനം അല്ലെങ്കില്‍ തുല്യത ഉണ്ടാകണമെന്നുള്ളതാണ് സാമാന്യനീതി. എന്നാല്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തില്‍ അടിമത്തം അടിമത്തമാണെന്നു പോലും തിരിച്ചറിയാതെ അതു വളരെ സ്വാഭാവികമായ വിധിയായി ഏവരും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണനെന്ന ഹിംസ്രജന്തുവിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, അവനു സകല സൌഭാഗ്യങ്ങളും വിട്ടുകൊടുക്കാനും അവന്റെ ചാട്ടവാറടിക്കു കീഴില്‍ അനുസരണയോടെ അണിനിക്കാനും വിശ്വാസികള്‍ക്കു മടിയില്ല. ഇപ്പോള്‍ സകല അവര്‍ണ വിവാഹങ്ങള്‍ക്കും കാര്‍മികത്വം വഹിക്കാന്‍ ബ്രാഹ്മണന്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധം അവര്‍ണ വിഢികളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ശൂദ്രന്റെ പോലും കാര്‍മികനാകാന്‍ സമ്മതിക്കാത്ത ബ്രാഹ്മണന്‍ ഇന്ന് സര്‍വവേദവിധികളും മറന്നുകൊണ്ട്  പണം തരുന്ന ഏതു അവര്‍ണനു വേണ്ടിയും കര്‍മിയാകുന്ന രീതിയില്‍ പുരോഗമിച്ചിട്ടുണ്ട്.

ഇങ്ങനെ മുഴുവന്‍ ഹിന്ദുക്കളും ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും അന്ധവിശ്വാസത്തില്‍ മാത്രം ആറാടി ജീവിക്കുന്നതിനെയാണ് ഹൈന്ദവസംസ്ക്കാരമെന്ന് നാം പറയുന്നത്. ഈ അസംബന്ധങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് ഇതിനേക്കാള്‍ യുക്തിപരമായും അപേക്ഷികമായി സുബോധത്തോടെയും ജീവിക്കുന്ന അന്യമതസ്ഥന്റെ ആചാരാനുഷ്ഠാനങ്ങളെയും വേഷവിതാനങ്ങളെയും വെറുപ്പോടെയും  സമചിത്തതയില്ലാതെയും വിമര്‍ശിക്കുന്നത്. പെരുമന്ത് കുഴിച്ചിട്ടിട്ട് ഉണ്ണിമന്തനെ കളിയാക്കുന്ന നെറികേട് ഹിന്ദുക്കള്‍ ഉപേക്ഷിക്കണം. ആദ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയൊഴിഞ്ഞ് സ്വയം പരിഷ്ക്കരിച്ചിട്ട് മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍പ്പോരെ; പക്ഷെ അതിന് ഹിന്ദുമതം തന്നെ പിരിച്ചുവിടേണ്ടിവരും !


 ഹിന്ദുമതം ഈ നിലക്കു മുന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ ജീവിതത്തെ വീണ്ടും കൂടുതല്‍ നരക തുല്യമാക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കള്ളു ഷാപ്പുകള്‍ അടിച്ചുപൂട്ടിക്കുന്നതിന് മുമ്പ് കേരളത്തിലെ സകല ജോതിഷാലയങ്ങളും അടച്ചു പൂട്ടിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചു കൊള്ളുന്നു. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരുമെന്നല്ലേ വി.ടി. ഭട്ടതിരിപ്പാടെന്ന ബ്രാഹ്മണന്‍ തന്നെ പറഞ്ഞത്. ആ നിലയില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടി കൈവെക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. :-))))))

വെള്ളിയാഴ്‌ച, ജൂലൈ 16, 2010

ഞങ്ങളിലെ ബോംബേറുകാര്‍

ഹിന്ദുക്കള്‍ മെരുക്കമുള്ളവരും  സമാധാന പ്രേമികളും ഹിംസാ വിരോധികളുമാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ രാജ്യമാണ് ഇന്ത്യ. എല്ലാറ്റിനുമുപരി മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ രാജ്യമാണിത്. ഭീകരവാദികള്‍ എല്ലായ്പ്പോഴും മുസ്ലീങ്ങളാണ്. അങ്ങനെയെങ്കില്‍, മാവോയിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ഭീകരവാദികളെക്കുറിച്ച് എന്തു  പറയുന്നു? ഓ.... അവര്‍ ആദിവാസികളാണ്; കമ്യൂണിസ്റ്റുകളാണ് അവരുടെ നേതാക്കന്മാര്‍ . അവര്‍ യഥാര്‍ഥ ഹിന്ദുക്കളല്ല! 

 (2000-ല്‍ അയോദ്ധ്യാ ക്യാമ്പില്‍ ബജ്റംഗദള്‍ കുഞ്ഞ് ഭീകരര്‍ക്ക് ട്രയിനിംഗ് കൊടുക്കുന്നു)

                    (ഭീകരച്ചി-പ്രജ്ഞാസിംഗ് ടാക്കൂര്‍)

       (ഭീകരര്‍  മേജര്‍ ഉപാദ്ധ്യായയും സ്വാമി അമൃതാനന്ദ് മഹാരാജും)
യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ നിന്നും നമ്മെ തടയുന്ന ആവര്‍ത്തന വിരസങ്ങളായ ഇത്തരം ഭാഷണങ്ങള്‍ നിത്യവും കേട്ടുകൊണ്ടാണ് നാം ജീവിക്കുന്നത്. 'ഹൈന്ദവ ഭീകരത' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പ്രതിഭാസം ഇവിടെ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. തൃശ്ശൂലവും കൈയ്യിലേന്തി ഭാരതമാതാവിനു വേണ്ടി കഠോര മുദ്രാവാക്യങ്ങളും വിളിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രതികാരനീതി നടപ്പാക്കുമെന്നു അലറിവിളിക്കുന്ന ആളുകള്‍, ഭ്രാന്തമായ ആശയങ്ങള്‍ കൊണ്ടു നടക്കുന്ന  നിലതെറ്റിയ മനോരോഗികളല്ല. ഏറിവരുന്ന അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍, മുസ്ലീങ്ങള്‍ കുറ്റാരോപിതരാകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ ബോംബുകളുണ്ടാക്കി സ്ഥാപിക്കുന്നവരാണെന്ന യഥാര്‍ഥ്യമാണ് . എന്തിനാണവര്‍ ഇങ്ങനെ ചെയ്യുന്നത് ? ഒരു പക്ഷെ അവരുടെ ഇടുങ്ങിയ കാഴ്ചപ്പാടില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏതു പ്രവൃത്തിയും നീതീകരിക്കപ്പെടുന്നുണ്ടായിരിക്കാം.
                        (ബഹു.ഭീകരന്‍ ദയാനന്ദ് പാണ്ഡെ)
എന്നിട്ടും നമ്മില്‍ മിക്കവരും വിശ്വസിക്കുന്നത് ഹിന്ദുഭീകരത എന്നൊന്ന് നിലനില്‍ക്കുന്നില്ല എന്നാണ്. കാരണം  അങ്ങനെയൊന്ന്  നാം കാണുന്നതേയില്ല. നമുക്കു കാണാന്‍ കഴിയാത്ത ഒന്നിനെ, നമുക്ക് അറിയാന്‍ പാടില്ലാത്ത ഒന്നിനെ നാം വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ നാം  ഗൂഢാലോചനാപരമായ നിശ്ശബ്ദത പുലര്‍ത്തുന്നത്.  ഹിന്ദുക്കള്‍ സമാധാനപ്രിയരും ആത്മീയ ജീവികളുമാണെന്ന മിത്ത് ഭൂരിപക്ഷം ഹിന്ദുക്കളും ഉള്‍ക്കൊള്ളുന്നതില്‍ നിന്നാണ് ഈ സങ്കല്‍പ്പം  പൊട്ടിവിരിയുന്നതെന്ന് ഗോള്‍വാക്കറെപ്പറ്റിയും ഹിന്ദുത്വത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള  ജ്യോതിര്‍മയ ശര്‍മ പറയുന്നു. "നിങ്ങള്‍ ഈ മിത്തില്‍ പങ്കുചേരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ഗൂഢാലോചനയിലും പങ്കുചേരുന്നു"വെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തില്‍, ലശ്കറെ ത്വയിബായെപ്പോലുള്ള സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളായ വഹാബി ഇസ്ലാമിസ്റ്റുകളെ മുഖ്യധാരാ മുസ്ലിങ്ങളില്‍ നിന്ന് വേര്‍തിരിക്കാന്‍ നമുക്കാവും. എന്നാല്‍, ഹിന്ദു ഭീകരവാദികള്‍ ഉദയം കൊള്ളുന്നതു തന്നെ സംഘ്പരിവാറില്‍ നിന്നാണ് - ശര്‍മ വാദിക്കുന്നു. അദ്ദേഹം പറയുന്നു," ഒരേ പാരമ്പര്യ ത്തില്‍  നിന്നുമാണ്   ബീജേപ്പിയിലെ ജനപ്രതിനിധികളും ഭീകരവാദികളും വരു ന്നതെന്ന കാര്യം നമ്മെ ആഴത്തില്‍ ഉല്‍ക്കണ്ഠാകുലരാക്കേണ്ടതാണ് ".
(അഭിനവഭാരതെന്ന ഭീകരസംഘടനയിലെ-സുധീകര്‍ദ്വിവേദി നാണത്തോടെ)
ചരിത്രകാരനായ ദിലീപ് സിമിയോണ്‍ (Dilip Simeon) ഭൂതകാലത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു പറയുന്നു,"ആര്‍.എസ്.എസ്സിന്റെ സ്വരൂപം അവഗണിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടുന്നതിനു തുല്യമാണ് ". 1948 ഫെബ്രുവരി 4 ന്,ആര്‍ എസ് എസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള  ഇന്ത്യാ ഗവണ്‍മെന്റ് വിജ്ഞാപനം അദ്ദേഹം ഉദ്ധരിക്കുന്നു:-   "ജനങ്ങളോട്  തോക്കുകളും വെടിക്കോപ്പുകളും സംഘടിപ്പിച്ച്  ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും പോലീസിനും പട്ടാളത്തിനും എതിരെ  കള്ളസാക്ഷ്യം പറയാനും  അതിശക്തമായി പ്രേരിപ്പിക്കുന്ന  ലഘുലേഖകള്‍ അതിലെ അംഗങ്ങള്‍ വിതരണം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടു. രഹസ്യങ്ങളുടെ മേലങ്കിയണിഞ്ഞു കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം  ചെയ്യുന്നത്...സംഘ്പരിവാറിന്റെ അക്രമാത്മക പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇരകളെ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതും വിലപ്പെട്ടതുമായ ജീവന്‍ ഗാന്ധിജിയുടെ തന്നെയാണ്." കൂടാതെ, സിമിയോണ്‍ ചോദിക്കുന്നു,"125 പേരുടെ മരണത്തി നിടയാക്കുകയും  ആയിരങ്ങളെ പരിക്കേല്‍പ്പിക്കുകയും അനേകരെ അഭയാര്‍ത്ഥി കളാക്കുകയും ചെയ്ത  പ്രവീണ്‍ തൊഗാഡിയയുടെ കാണ്ഡമാല്‍ യാത്ര, മാലേഗാവിലേയും അജ്മീറിലേയും സ്ഫോടനങ്ങളേക്കാള്‍ കുറഞ്ഞ  ഭീകരപ്രവര്‍ത്തനങ്ങളാണോ ?  തങ്ങളുടെ നിഷ്ഠൂര പ്രവര്‍ത്തനങ്ങളുമായി, നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ അവര്‍ക്കാവുന്നത് വരേണ്യരില്‍ ഒരു വിഭാഗത്തിന്റെ  അനുകമ്പ ലഭിക്കുന്നതിനാലാണ്".
       (ആര്‍മിയിലുണ്ടായിരുന്ന ബഹു.ഭീകരന്‍ ശ്രീകാന്ത് പുരോഹിത്)  
മുഖ്യധാരാ സംഭാഷണങ്ങളില്‍ വി.എച്ച്.പിയും ശിവസേനയും ആര്‍. എസ്. എസ്സും മറ്റും യുക്തിസഹമാക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും എന്തുകൊണ്ടാണ്? അങ്ങേയറ്റം വന്നാല്‍ വല്ല പിരിവെട്ടുകളോ മറ്റോ ആയി അവരെ  നിസ്സാരവത്കരിക്കും.  മധ്യവര്‍ഗ സന്ദിഗ്ധതയില്‍ നിന്നും വരുന്നതാണ് ഈ മനോഭാവമെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേട്കര്‍ പറയുന്നത്.  "ഇക്കഴിഞ്ഞ 20 വര്‍ഷത്തിനകമാണ് ഹൈന്ദവ-ഷോവനിസം ഉപരിതല ത്തിലേക്കുയര്‍ന്നു വന്നത് .  ധാരാളമാളുകള്‍ നിശ്ശബ്ദമായി അതിനെ പിന്താങ്ങുന്നു ണ്ട്. മീഡിയ,ഉന്നതവിദ്യാഭ്യാസ രംഗം ,നിയമം,ജുഡീഷ്യറി  തുടങ്ങിയ മേഖല കളില്‍ ഉള്ള ഉന്നതരായ പ്രൊഫഷനലുകളാണ് ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്നത് ". മഹാരാഷ്ട്രാ മുന്‍ പൊലീസ് ഐ. ജി. യും 'കര്‍ക്കരെയെ കൊന്നതാര് ?' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എസ്. എം. മുശ്രിഫ്  ഇതിനെ 'ബ്രാഹ്മണിസ്റ്റ് ' പ്രചാരണമെന്നു വിളിക്കുന്നു . "മുഖ്യധാരാ മാധ്യമങ്ങളും പോലീസും ഗവണ്‍മെന്റുമെല്ലാം ഇവരുടെ പ്രചാരണത്തിന്റെ ഇരകളാണ്.  ഞാനവരെ ബോധപൂര്‍വം തന്നെ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല. ഹൈന്ദവ ഭീകരതയുടെ ഈ കേസുകളെല്ലാത്തിന്റെയും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബ്രാഹ്മണിസ്റ്റു കള്‍ നിയന്ത്രിക്കുന്ന ഐ ബി യുടെ  ഇടപെടലുണ്ടായിരുന്നു".
 

സ്പഷ്ടമായും ഈ വിഷയത്തില്‍ ശക്തമായ വീക്ഷണങ്ങള്‍ നിലവിലുണ്ട്.  പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ലശ്കറെ ത്വയിബ പോലുള്ള ഇസ്ലാമിസ്റ്റ് സംഘടനകളില്‍ നിന്നുള്ള പോലെ വലിയ ഭീഷണി, ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നില്ലെങ്കിലും അവയെ കൂടുതല്‍ ഗൌരവമായി  കൈകാര്യം ചെയ്യേണ്ടതാണെന്നാണ് ചരിത്രകാരനായ ക്രിസ്റ്റോ ഫ് ജാഫ്രിലെറ്റ്(Christophe Jaffrelot) പറയുന്നത് . ഇതിന് മൂന്നു കാരണങ്ങളെങ്കിലും അദ്ദേഹം നിരത്തുന്നുണ്ട്: "ഒന്നാമതായി അവര്‍ ,മുസ്ലിങ്ങള്‍ക്കെതി രെയുള്ള(മഹാത്മാ ഗാന്ധിക്കും എതിരെയുള്ള) ഭീകരാക്രമണം, ന്യായമായ പ്രവര്‍ത്തനരീതിയാണെന്ന കാഴ്ചപ്പാടുള്ള  സവര്‍ക്കറുടെയും ഗോഡ്സേയുടെയും പിന്തിരിപ്പന്‍  യാഥാസ്ഥിതിക പാരമ്പര്യത്തില്‍ പെടുന്നവരാണ്. ഈ ചിന്താപദ്ധതി എക്കാലവും ഹൈന്ദവ ദേശീയ പ്രസ്ഥാനത്തിന്റെ അരികുപറ്റി നില്‍പ്പു ണ്ടായിരുന്നു.  വിഭജനകാലം,  9/11-നു ശേഷം ഇന്ത്യയിലുണ്ടായ ഇസ്ലാമിക ആക്രമണ പരമ്പരകളുടെ സമയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് അവ വീണ്ടും ഉയര്‍ന്നു വരുന്നത്. ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഈ ദിശയില്‍ നീങ്ങുവാനുള്ള സംഘ്പരിവാറിന്റെ പ്രവണത, മെക്കാ മസ്ജിദ് അക്രമണം (ഹൈദരാബാദ്), അജ്മീര്‍ ഫോടനം തുടങ്ങിയവയിലെ ആര്‍.എസ്.എസ് അംഗങ്ങളുടെ പങ്കാളിത്തത്തിലൂടെയും ബജ് രംഗദളിന്റെ തന്ത്രങ്ങളിലൂടെയും സ്പഷ്ടമാകു ന്നുണ്ട് എന്നതാണ്.  രണ്ടാമതായി, 'അഭിനവ് ഭാരത് 'പോലുള്ള സംഘടനകള്‍ തീരെ ചെറുതാണെങ്കിലും രമേഷ് ഉപാധ്യായയും ലഫ്.കേണല്‍ പുരോഹിതും ഉള്‍പ്പെടെയുള്ള,  സര്‍വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരും ആയ പട്ടാള ഉദ്യോഗ സ്ഥന്മാരാണ് അവ ആരംഭിച്ചിട്ടുള്ളത് എന്നതാണ്. നേരത്തെ തന്നെ ഡസന്‍ കണക്കിന്  മുന്‍പട്ടാള ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും  ആകര്‍ഷിക്കാന്‍  ബി.ജെ.പിക്കും വി.എച്ച്. പ്പിക്കും കഴിഞ്ഞതിനു ശേഷമാണ് ഈ മുന്നേറ്റം സാദ്ധ്യമായത്.  പട്ടാള ഉദ്യോഗസ്ഥരുടെ  രാഷ്ട്രീയമുക്തത ഇന്ത്യക്ക് സ്വയം അഭിമാനിക്കാവുന്ന കാര്യമാണെങ്കിലും വര്‍ഗീയ ആശയങ്ങളും ശക്തികളും അതില്‍ നുഴഞ്ഞു കയറുന്നത്  ഭയാനകമായ കാര്യമാണ് ".
തങ്ങളുടെ അണികള്‍ ചോദ്യം ചെയ്യപ്പെടുകയും അന്വേഷണ വിധേയ മാക്കപ്പെടുകയും ചെയ്തതോടെ  ഭയാശങ്കരായ ബി.ജെ.പിയും ആര്‍.എസ്. എസ്സും ഇപ്പോള്‍ 'ഭീകരതക്ക് മതമില്ല' എന്നു പറയുന്നത് ഏതായാലും രസകരം തന്നെ! ബി.ജെ.പി വക്താവ് പ്രകാശ് ജാവേദേക്കര്‍ ഔട് ലുക്കിനോട് പറഞ്ഞു: " കുറച്ചു പേര്‍ ഭീകരവാദികളാണെന്ന ഒറ്റക്കാരണത്താല്‍ എല്ലാ മുസ്ലിങ്ങളെയും കുറ്റപ്പെ ടുത്താന്‍ നമുക്കാവില്ല. നിങ്ങള്‍ മുസ്ലിം ഭീകരവാദികളെന്നു പറയുന്നില്ല, പിന്നെന്തിനു ഹിന്ദുഭീകരരെന്നു പറയണം? ഭീകരവാദത്തോടുള്ള നിങ്ങളുടെ വര്‍ഗീയ സമീപനത്തെ ഞങ്ങള്‍ അധിക്ഷേപിക്കുന്നു". ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശങ്ങളും പോലീസിനുണ്ടെന്നാണ് ബി.ജെ.പി  ദേശീയ എക്സിക്യൂട്ടീവ് അംഗവും 'ഓര്‍ഗനൈസര്‍' എന്ന ആര്‍.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപരുമായ ശേഷാദ്രി ചാരി പറയുന്നത്. പോലീസിന്  ജനങ്ങളെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനുമുള്ള എല്ലാ അവകാശളുമുണ്ടെന്നാണ്. "എന്നാല്‍ ഭരണയന്ത്രം ഉപയോഗിക്കുന്നതും ഹിന്ദുഭീകരവാദം എന്ന ആശയത്തിന് ജീവന്‍ കൊടു ക്കാന്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതും പ്രതിഷേധാര്‍ഹമാണ്. ഇസ്ലാമിക വിശ്വാസികളായ ആളുകള്‍ക്കു  സവിശേഷമായ ഒന്നല്ല ഭീകരത എന്നു പറയാന്‍  ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടു് സര്‍ക്കാറിനു്. "മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഹിന്ദുക്കള്‍ക്ക് ഭീരകരവാദികളാവാനാവില്ല; ആരെങ്കിലും അവരങ്ങനെയാണെന്നു പറയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുടെ സമ്മര്‍ദം കൊണ്ടു മാത്രമായിരിക്കും !
    

ഹിന്ദു ഭീകരവാദത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ഗവണ്‍മെന്റിനോട് നിരന്തരം ഉന്നയിക്കുന്നവരില്‍ ഒരാളാണ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി  ദിഗ് വിജയ് സിങ് . അദ്ദേഹം ഔട്ട് ലുക്കിനോട് പറഞ്ഞു: " ഹിന്ദു മൌലിക വാദികളും ഇസ്ലാം മൌലികവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന്  ഞാന്‍  ദീര്‍ഘകാലമായി പറയുന്നുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലോടെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത്. ഇത് മറുരീതിയില്‍ ഒരു വിഭാഗം ഹിന്ദുക്കളെ മൌലികവാദത്തിലേക്കു നയിച്ചു. ബീ ജേ പ്പീ-ആര്‍ എസ് എസ് കൂട്ടുകെട്ട് വ്യത്യ സ്ത തീവ്രവാദി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നതിനും  ബോംബുണ്ടാക്കാന്‍ അവര്‍ പരിശീലനം കൊടുക്കുന്നതിനും ധാരാളം തെളിവുകളുണ്ട്. ദൌര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായ കഥകളുമായാണു മിക്കവാറും രംഗത്തു വരുന്നത്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാല്‍  അന്നുതന്നെ  മുസ്ലിം ചെറുപ്പക്കാരുടെ പേരുകളുമായി മാധ്യമങ്ങള്‍ പുറത്തു വരുന്നു."

 
എന്തൊക്കെയായാലും സമൂഹത്തിന്റെ മുന്‍വിധികളും ആവര്‍ത്തിത ഭാഷണങ്ങളും ആണ് മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് . ശരിക്കും  മുസ്ലിം ഭീകരവാദികളുടെ സെന്‍സേഷണല്‍ പ്രതിരൂപങ്ങളുടെ മേലാണ് അവ തഴച്ചു വളരുന്നത്. മുസ്ലിം തീവ്രവാദികളുടെയും താലിബാന്റെയും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന കാര്യം ഒരു മുഖ്യധാരാ ഇംഗ്ലീഷ് ചാനലും നിരവധി ഭാഷാ ചാനലുകളും സമ്മതിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ ഹിന്ദുഭീകരതക്ക് അത്തരത്തില്‍ മുഖ്യധാരാ ശ്രോതാക്കള്‍ ഉള്ളതായി തോന്നുന്നില്ല.

അതിനാല്‍ , വ്യാപകമായി പിടിക്കപ്പെടുന്ന മുസ്ലിങ്ങള്‍, നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളികളായി കണക്കാക്കപ്പെടുന്ന  ഒരു സാഹചര്യം നമുക്കുണ്ട്. എന്നാല്‍ ഹിന്ദു ഭീകരവാദത്തെ സംബന്ധിച്ച് ഇതിന്റെ നേരെ വിപരീതമാണ് ശരി (അതായത് കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ നിരപരാധികള്‍ തന്നെയാണ്-വിവ). ജാഫ്രിലോട്ട് വിശദീകരിക്കുന്നു, "കഴിഞ്ഞ കാല റെക്കോഡുകള്‍ തീര്‍ത്തും മോശമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഹൈന്ദവ ഭീകരരോട് യാതൊരുവിധ സൌമനസ്യവും കാണിക്കണ്ട ആവശ്യമില്ല. അടുത്തകാലം വരെ-കേസന്വേഷണത്തിനിടയ്ക്ക് ചില സമയങ്ങളില്‍ സ്വയം വൈരുധ്യത്തിലായിട്ടും - ഏതു സ്ഫോടനവും  ഇസ്ലാമിക ഗ്രൂപ്പുകളുടെ തലയില്‍ കെട്ടി വെക്കുന്നതിനുള്ള ധൃതിയാണ് പോലീസ്  കാണിച്ചു പോന്നിട്ടുള്ളത്....കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിട്ടു പോലും. അഭിനവ്ഭാരതിന്റെയും മറ്റു ഹൈന്ദവ ഗ്രൂപ്പുകളുടെയും കുറ്റവാളികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആക്കം നേടിക്കൊണ്ടിരിക്കുന്ന, ചില ഇന്ത്യന്‍ പൌരന്മാര്‍ മറ്റു ചിലരേക്കാള്‍ നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ തുല്യരാണ്  എന്ന സന്ദേശം, ദൂരവ്യാപകവും നശീകരണാത്മകവുമായ പ്രത്യാഘാതമാണുണ്ടാക്കുക."

ആ പ്രക്രിയ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. സാഹചര്യത്തെ വര്‍ഗീയവത്ക്കരിക്കാനും  നീതിരഹിതമായ അക്രമങ്ങളുടെ പേരില്‍ ന്യൂനപക്ഷ ങ്ങളെ കുറ്റാരോപിതരാക്കാനും നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു ഭീകരവാദിയുടെ ചെയ്തിയായി,ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പഴികളില്‍ മിക്കതും പരിണമിക്കാം എന്നതാണ് വൈരുധ്യം. ഇത്തരമൊരു ദൂഷിതാന്തരീക്ഷം ആര്‍ക്കാണു പ്രയോജനമുണ്ടാക്കുന്നതെന്ന് അത്ഭുതം കൂറാനേ  നമുക്കു നിര്‍വാഹമുള്ളു.
                                                    (വിവര്‍ത്തനം)
                 
                    By  Saba Naqvi,SmrutiKoppikar
                                                   published in Outlook)
http://www.outlookindia.com/article.aspx?266148