തിങ്കളാഴ്‌ച, ജനുവരി 10, 2011

ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!



മാലിന്യം = അയ്യന്‍കാളി
സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടുകയും ചെയ്യും.


മാതൃഭൂമി വര്‍ത്ത (03/01/2011)
വന പദ്ധതികളെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനും അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.


ഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!


തുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പേര്‍.



ണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കു മാത്രമുള്ള പദ്ധതിയായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.
ന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! ഇങ്ങനെ മാലിന്യനിര്‍മാര്‍ജ്ജന പരിപാടിയ്ക്ക് അയ്യന്‍കാളിയുടെ പേരിട്ടതില്‍ പ്രതിഷേധിക്കുന്നതിനായി തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ തന്നെ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാക്കള്‍ക്ക് !!!

8 അഭിപ്രായങ്ങൾ:

നിസ്സഹായന്‍ പറഞ്ഞു...

ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! കൂടാതെ തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നന്നായിരിക്കുന്നു ഭായി ഈ പ്രതികരണം കേട്ടൊ

ചാർ‌വാകൻ‌ പറഞ്ഞു...

വ്യക്തികളാണങ്കിലും സർക്കാർ സ്ഥാപനങ്ങളാണെങ്കിലും പേരിടുന്നതിൽ കണിക്കുന്ന സമാനത ‘പൊതു ബോധ‘ത്തിന്റെ നേർകാഴ്ചകളാണ്.എൺപതിന്റെ ആദ്യവർഷങ്ങളിലാണ്,ടി.എച്.ചെന്താരശേരിയുടെ അയ്യങ്കാളി ജീവചരിത്രം വരുന്നത്.അതിനെ തുടർന്ന്,തിരുവന്തപുരത്ത് പ്രതിമ സ്ഥാപിക്കുന്നു.ആക്കാലത്ത് ഒരുതരം കറുത്ത ചെരുപ്പ് വിപണിയിൽ വന്നത്’അയ്യങ്കാളി ചെരുപ്പ്’എന്നപേരിലായിരുന്നു.ഈ പേരിട്ടത് ചെരുപ്പുകമ്പനിയല്ലായിരുന്നു.കറുപ്പിനെ അശുഭലക്ഷണമായി കരുതുന്ന ലാവണ്യബോധം തന്നെയാണ്,പൊതുബോധം.അധികാരത്തിന്റെ തലപ്പത്തുള്ളവർക്ക് മാലിന്യനിർമ്മാർജന പദ്ധതി നടപ്പിലാക്കാൻ അയ്യങ്കാളി എന്ന പേർ ഓർമ വന്നത് അതുകൊണ്ടാണ്.

Ravishanker C N പറഞ്ഞു...

"വ്യക്തികളാണങ്കിലും സർക്കാർ സ്ഥാപനങ്ങളാണെങ്കിലും പേരിടുന്നതിൽ കണിക്കുന്ന സമാനത ‘പൊതു ബോധ‘ത്തിന്റെ നേർകാഴ്ചകളാണ്."

"ആക്കാലത്ത് ഒരുതരം കറുത്ത ചെരുപ്പ് വിപണിയിൽ വന്നത്’അയ്യങ്കാളി ചെരുപ്പ്’എന്നപേരിലായിരുന്നു.ഈ പേരിട്ടത് ചെരുപ്പുകമ്പനിയല്ലായിരുന്നു.കറുപ്പിനെ അശുഭലക്ഷണമായി കരുതുന്ന ലാവണ്യബോധം തന്നെയാണ്,പൊതുബോധം."

ithinodu yojikkunnu.. pakshe ee padhathiyumayi kuuti cherkkendathalla ee vaakukkal..

http://www.google.com/buzz/100028221133652882043/T81iUmg8STE/A-%E0%B4%AE%E0%B4%B9-%E0%B4%A4-%E0%B4%AE-%E0%B4%97-%E0%B4%A8-%E0%B4%A7-%E0%B4%97-%E0%B4%B0-%E0%B4%AE

അവര്‍ണന്‍ പറഞ്ഞു...

നിസ്സഹായന്‍ വീണ്ടും കലക്കി. വളരെ നല്ല സാമൂഹ്യ വീക്ഷണം. തകര്‍പ്പന്‍ സാധനങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

അയ്യന്‍ കാളിയെ കേവലം ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം ചരിത്രപുരുഷനായി കാണേണ്ടിവരുന്നത് നാം സവര്‍ണ്ണ കാഴ്ച്ചപ്പാടിലൂടെയാണ് ഇന്നും ലോകത്തെ കാണാന്‍ തയ്യാറാകുന്നുള്ളു എന്നതുകൊണ്ടാണ്.മാത്രമല്ല,എന്തു വിപ്ലവം പറഞ്ഞാലും നാം അടിയുറച്ച സവര്‍ണ്ണ ജാതിവാദികളുമാണല്ലോ. പുരോഗമനം പുറത്തേക്ക് പറയാനുള്ളതും, സവര്‍ണ്ണജാതീയത അകത്ത് ആചരിക്കാനുള്ളതുമാണെന്ന് നമ്മുടെ മാന്യ സാംസ്ക്കാരിക വിശ്വാസമാണ്.

ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമൊക്കെ എന്നോ മറന്നുകഴിഞ്ഞു. അല്ലെങ്കില്‍ ഇ,എം.എസ്സിനെപ്പോലുള്ള ബ്രാഹ്മണ തന്ത്രിമാര്‍ അവയെല്ലാം ഓര്‍മ്മയില്‍ നിന്നും മായ്ച്ചുകളഞ്ഞെന്നും പറയാം. അധികാരത്തിലെത്താനുള്ള ഒരു ചുവന്ന കൊടി എന്നതിലുപരി അധസ്ഥിതന്റെ രാഷ്ട്രീയമൊന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ വഹിക്കുന്നില്ലെന്നു മാത്രമല്ല, അത് പാര്‍ശ്വവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ തങ്ങള്‍ക്ക് മാന്യതയുള്ളതായി സവര്‍ണ്ണ സമൂഹം അംഗീകരിക്കു എന്നും മനസ്സിലാക്കുന്നു. ഫലത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരിലുള്ള വഞ്ചനാപാര്‍ട്ടികളായിരിക്കുന്നു ഇടതുപക്ഷം.
ഇത്തരമൊരു നിലപാടാകുംബോള്‍ സമൂഹത്തിലെ അടിമകളായ ജനങ്ങളേയും,അവരുടെ തൊഴിലുകളേയും,അവര്‍ക്ക് വേണ്ടി പോരാടിയ മഹാന്മാരേയും ജാതീയതയുടെ പര്യായപദങ്ങളായി പറയുന്നതും വിശേഷിപ്പിക്കുന്നതും ... അതിന്റെ പേരില്‍ നല്‍കുന്ന നക്കാപിച്ചയുടെ കണക്കെഴുതിവക്കാന്‍ ഗുണകരമാകുകയും, അതില്‍ അസാധാരണത്വം അനുഭവപ്പെടാതിരിക്കുകയും ചെയ്യും.
ഈ ജോലികളില്‍ നിന്നും ദളിതര്‍ വിട്ടുനില്‍ക്കുകയും, സമൂഹം നാറാന്‍ ഇടവരുത്തുകയുമാണ് ഉചിതം. കേരളത്തിലെ നീചരായ ഇടതുപക്ഷ ഗവണ്മെന്റിന്റെ നക്കാപ്പിച്ച വേണ്ടെന്നു പറയാന്‍ ദളിതര്‍ക്ക് ശക്തിലഭിക്കട്ടെ എന്ന് ആശിക്കുന്നു.

ChethuVasu പറഞ്ഞു...

ഇതാണ് ആധുനിക കേരളത്തിന്റെ പുരോഗമിച്ച മുഖം ! ഓരോ ആള്‍ക്കാര്‍ക്കും ഓരോരോ സ്ഥാനങ്ങള്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട് ... അയ്യങ്കളിയെയും അംബേദ്‌ കരെയുമൊക്കെ ചില ആളുകളുടെ മാത്രം നേതാവായി മാത്രം കണ്ടു അവരൊന്നും നമ്മുടെ നേതാവാകാന്‍ യോഗ്യതയില്ലാതവരെന്നു വ്യങ്ങരൂപേണ അവമതിക്കുകയാണ് പൊതു സമൂഹം . അയ്യങ്കാളിയുടെ ആത്മവിസ്വാസതിന്റെയും ധൈര്യത്തിന്റെയും നിസ്ച്ചയധാര്ഷ്ട്യത്ന്റെയും മുന്നില്‍ ഒന്നുമല്ലാത്ത ഇന്നത്തെ "ആധുനിക സമൂഹം " ഇനി എത്ര നാള്‍ കഴിഞ്ഞാലാണ് സാംസ്കാരികമായ അധപതനത്തില്‍ നിന്നും പുറത്ത് വരിക ...

പക്ഷെ എന്ത് കൊണ്ട് ഇന്ന് അയ്യന്കാളിയെപ്പോലുള്ളവര്‍ ഉണ്ടാകുന്നില്ല എന്നും ആലോചിക്കേണ്ടതുണ്ട് ... സാമൂഹിക മാറ്റം വരുത്താന്‍ പതിവ് രാഷ്രീയ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഒരേ ഒരു രീതിയെന്ന സംകുചിതമായ മിധ്യാബോധതിലാണ് എല്ലാവരും .. സ്വന്തം ബുദ്ധി ഉപയോഗിച്ച് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കെതികവിദ്യകലുറെയും മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറാന്‍ ജനങ്ങളെ ഉത്ബോധിപ്പിക്കാന്‍ എന്ത് കൊണ്ട് ഈ നാളുകളില്‍ അയ്യന്‍ കാളികള്‍ ഉണ്ടാകുന്നില്ല ? ജനാധിപത്യ സംവിധാനത്തില്‍ നേരിയ ഭൂരിപക്ഷത്തിനു മാത്രം തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റാന്‍ ശ്രമിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് . സ്വയം മുന്നോട്ട് വരുന്ന വ്യക്തികളിലൂറെയും മറ്റു സാമൂഹ്യ സംഖടനകളിലൂടെയും മാത്രമേ ഇത് സാധ്യമാകുകയുള്ളൂ .. അയ്യങ്കാളിയുടെയും അമ്ബെട്കരിന്റെയും ഓര്‍മകളില്‍ മാത്രമായി ഒതുങ്ങാതെ സ്വയം അയ്യന്‍ കാളിമാരും അമ്ബെട്കരുമാരും ആകാന്‍ അന്ന് ശ്രമിക്കേണ്ടത് . ഇന്നത്തെ സമൂഹത്തെ ദിശാബോധം കൊടുത്തു മുന്നോട്ട് കൊണ്ട് വരാന്‍ ചിന്താശക്തിയുള്ള അയ്യന്‍ കാളിമാര്‍ മുന്നോട്ട് വരട്ടെ ..

ചാർ‌വാകൻ‌ പറഞ്ഞു...

ചിത്രകാരന്റെ വികാരത്തെ അതേ സ്പിരിറ്റിൽ ഉൾകൊള്ളുന്നു.ഇതൊരു കേന്ദ്രതൊഴിലുറപ്പു പദ്ധതിയാണ്.നഗരങ്ങളിലെ ചേരികളിലും കോളനികളിലും ജീവിക്കുന്ന(ഇവിടങ്ങളിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും ദലിതരാണ്.കുറച്ച് മുസ്ലീമുകളും കാണും.)അവിദഗ്ദ തൊഴിലാളികൾക്ക് കുറച്ചുദിവസം തൊഴിലുകൊടുത്ത് ,അടിസ്ഥാനപരമായ രാഷ്ട്രീയ-സാമൂഹ്യ-വിഭവാധികാരത്തിൽ നിന്നും മാറ്റിനിർത്തേണ്ടതുണ്ട്.
അയ്യങ്കാളി വില്ലുവണ്ടി ഓടിച്ചതിലൂടെ ജാതിമനസ്സിൽ അഴുകികിടന്ന ചിലമാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ കഴിഞ്ഞു.ദലിതുകളുടെ ഏതുസമരവേദിയിലും ഉയർത്തുന്ന ചിത്രം അയ്യങ്കാളിയുടേയും അംബേദ്ക്കറിന്റേയുമാണ്.പൊതുസമൂഹം ഈരണ്ടു വ്യക്തികളെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതാണ് പേരിടുന്നതിലുള്ള ‘ഗ്ഗുട്ട്ൻസ്’
ചെത്തുകാരാ, നൂറ്റാണ്ടുകളിലൊരിക്കല്ലേ ഇവരേപോലുള്ളവർ ഉണ്ടാകൂ(അംബേദ്ക്കർ-അയ്യങ്കാളീ).പൊതുവേ ദുർബലരായൊരു സമൂഹത്തോടാണന്നു വേണം ഇത്തരം ഉപദേശം.ആ ഉദ്ദേശശുദ്ധിയേ നമിക്കുന്നു.