ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

ദലിതര്‍ തീവ്രവാദികളോ ?(DHRM-വോയിസ്-3)

ഇടതുസര്‍ക്കാര്‍ സത്യംപറയുക- ദലിതര്‍ തീവ്രവാദികളോ ?
വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച് അവരുടെ  സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)

(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക്  ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്‍.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും  ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍  വ്യപകമായി അക്രമിച്ചു  തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന്‍ പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്‍കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല)
4225 ജാതികളായി ചിന്നിച്ചിതറിക്കപ്പെട്ട പട്ടികജാതി വര്‍ഗക്കാരുടെ മോചനത്തിനും വികസനത്തിനും വേണ്ടി  ഇന്ത്യയില്‍ അരലക്ഷത്തിനു പുറത്ത് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കേരളത്തിലെത്തുമ്പോള്‍ 103 ജാതികള്‍ക്കായി 567 സംഘടനകളാകുന്നു. അതില്‍ മുപ്പതും നാല്‍പ്പതും വര്‍ഷംവരെ പ്രവര്‍ത്തനപാരമ്പര്യമുള്ള സംഘടനകള്‍ വരെയുണ്ട്. ദലിത് ആദിവാസി ഭൂമി പ്രശ്നം, സംവരണം, എസ്.ടി.പി, ഡി.എസ്.പി ഫണ്ട്, ജാതീയ പീഢനം, കസ്റ്റഡി മരണം തുടങ്ങി ഈ ജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍  ഇവ ഇന്നും കൈകാര്യം ചെയ്യുന്നു. ഈ സംഘടനകളുടെ പുറത്തൊന്നും ആരോപിക്കാത്ത കുറ്റകൃത്യങ്ങളാണ് രണ്ടു വര്‍ഷംപോലും തികയാത്ത ഡി.എച്ച്.ആര്‍.എം ന്റെ പുറത്ത് അടിച്ചേല്‍പ്പിച്ചത്. ദലിത് തീവ്രവാദം, വര്‍ക്കലക്കൊലപാതകം, കോടതി കത്തിക്കല്‍ , പ്രതിമ തകര്‍ക്കല്‍ , തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അരങ്ങേറിയ വിവിധ അക്രമണങ്ങള്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഡി.എച്ച്.ആര്‍.എം ന്റെ മേല്‍ കെട്ടിവെച്ച് പൊതുജനങ്ങളള്‍ക്ക് സംശയം ജനിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ ഇടതു സര്‍ക്കാരും സംഘപരിവാരവും പ്രചരിപ്പിക്കുന്നതല്ലാതെ യാതൊരു തെളിവും നിരത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി.ശെല്‍വരാജ് പറയുകയുണ്ടായി. ഡി.എച്ച്.ആര്‍.എം ന് എതിരെ ആരോപിക്കപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ യ്ക്കു വിടുക, കൊലചെയ്യപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ഡി.എച്ച്.ആര്‍.എം അവരോടൊപ്പം മുന്‍പന്തിയിലുണ്ടാകും. നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും  പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.
(ശ്രീ.ബി.ആര്‍.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.)

ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ്  ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന  നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം 'സ്വതന്ത്ര നാട്ടുവിശേഷം' ആഴ്ചപ്പതിപ്പും എത്തുചേരുന്നു.           (സ്വതന്ത്ര നാട്ടുവിശേഷം)

7 അഭിപ്രായങ്ങൾ:

നിസ്സഹായന്‍ പറഞ്ഞു...

നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചതിന്റെ പേരില്‍ നിരപരാധികളെ കൂട്ടത്തോടെ കൊല്ലാക്കൊല ചെയ്ത് ജയിലിലടച്ചാല്‍ ശിവപ്രസാദിന്റെ ആത്മാവു പോലും പൊറുക്കില്ല. പിന്നെന്തിന് സര്‍ക്കാരും പോലീസും സംഘപരിവാറും ദലിതു വേട്ടയ്ക്കിറങ്ങി. ദലിതുവേട്ടയ്ക്ക് പ്രചാരം നല്‍കാന്‍ മാധ്യമങ്ങള്‍ എന്തിനു ശ്രമിച്ചു.
ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ് ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര്‍ .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ? രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ?

ജിപ്പൂസ് പറഞ്ഞു...

* ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ പിന്നെ ആര്‍ക്കുള്ളതാണ്?
* ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?
ഞങ്ങളുടെ 'ഔദാര്യമായ' അപ്പക്കഷണങ്ങള്‍ കൊണ്ട് തൃപ്തിയടയുക.
* മദ്യവും മയക്ക് മരുന്നുകളും പിന്നെ എവിടെക്കൊണ്ട് പോയി വില്‍ക്കും?
* പാരമ്പര്യ വിശ്വാസങ്ങളെ,സനാധന ധര്‍മ്മത്തെ തള്ളിക്കളയാന്‍ മാത്രം ധിക്കാരികളോ നിങ്ങള്‍?

മിണ്ടരുത്.ശബ്ദിക്കരുത്.മരണശേഷം ഞങ്ങള്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ പണിത് തരാം.ആണ്ട് തോറും ബലിദാന്‍ ദിനങ്ങള്‍ കൊണ്ടാടാം.മൂവര്‍ണ്ണ,രക്ത വര്‍ണ്ണ,കാവി പതാകകള്‍ കയ്യിലേന്തൂ.ഞങ്ങളുടെ ചാവേറുകളാവുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ലക്ഷ്യവും നിങ്ങള്‍ക്കുണ്ടായിക്കൂട.

മറിച്ചൊന്ന് ചിന്തിക്കാന്‍ മാത്രമുള്ള 'ധാര്‍ഷ്ട്യം' നിങ്ങള്‍ക്കുണ്ടോ?
എങ്കില്‍ നിങ്ങള്‍ തന്നെയാണ് ഭീകരവാദികള്‍.ഭാരതാംബയുടെ ശത്രുക്കള്‍.

Joker പറഞ്ഞു...

ഒരു കാലത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും,ഏത് മനുഷ്യനെയും അകത്തിട്ട് ഉരുട്ടിയും, ചോര ചര്‍ദ്ദിപ്പിച്ച് കൊല്ലാനും ഒക്കെ എളുപ്പമായിരുന്നു , നക്സലൈറ്റ് എന്ന് മുദ്ര കുത്തിയാല്‍ മാത്രം മതിയായിരുന്നു. കാലം മാറവെ ഇപ്പോള്‍ എളുപ്പമാര്‍ഗം ഭീകരവാദ, തീവ്രവാദ ബന്ധം ആരോപിക്കുക എന്നതാണ്. ദലിത് യുവതിയുടെ ഗര്‍ഭം പോലീസ് അടിച്ചു കലക്കിയതുള്‍പ്പടെയുള്ള ഹീന ക്യത്യങ്ങള്‍ കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങള്‍ വിഴുങ്ങിയതടക്കമുള്ള സാഹചര്യം വെച്ച് നോക്കുമ്പോള്‍. ഇനിയും നിങ്ങളെയൊന്നും ഞങ്ങള്‍ മുഖവിലെക്കെടുത്തിട്ടില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സായുധമായി മാത്രം എന്തിനെയും നേരിടുന്ന മാവോഒയിസ്റ്റുകളെ സത്യം പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും പേടിയാണ്. അത് കൊണ്ടാണ് അനുരജ്ഞനവും പറഞ്ഞ് സര്‍ക്കാര്‍ പിന്നാലെ നടക്കുന്നത്. ദളിത് മുസ്ലിം ഭീകരവാദം പറഞ്ഞ് കാളപൂട്ട് നടത്തുന്നതിന്റെ കാരണം അവര്‍ക്കറിയാം ഈ പറയുന്ന ഭീകരവാദങ്ങള്‍ ഇല്ലാത്ത ഭീഷണിയാണെനെന്ന്. ശക്തമായ ജനകീയ പ്രക്ഷോഭമാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ള വഴി. മാനം കാക്കല്‍ കൊലപതകങ്ങളും , ദലിത് പീഡനവും നിര്‍ബാധം തുടരുമ്പോള്‍, ചില കാക്കി ട്രൌസറുകാര്‍ ചോദിക്കുന്നത് കേട്ടില്ലേ. ഇന്ത്യയില്‍ ജാതി എന്ന സംഭവം ഇപ്പോള്‍ ഉണ്ടോ എന്ന്. ദലിതുകളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ആലയില്‍ കൊണ്ട്പോയി തളച്ചിടുന്ന സവര്‍ണ മൂടു താങ്ങികളും കൂടി അറിഞ്ഞൂ കൊണ്ട്റ്റായിരിക്കും ഈ നായാട്ട്.ഇതിന്റെയെല്ലാം രത്ന ചുരുക്കം ഇതാണ്. “നിങ്ങളുടെയൊക്കെ കാര്യം നോക്കാന്‍ ഞങ്ങള്‍ സവര്‍ണരും, മൂടു താങ്ങികളും ഇവിടെയുണ്ട്, നിങ്ങള്‍ ഒരുപാട് വിയര്‍ക്കേണ്ട “ എന്ന് ഞങ്ങള്‍ ചില അപ്പകഷ്ണങ്ങള്‍ ഇട്ടൂ തരും അതും ഭക്ഷിച്ചോണ്ട് ഇരുന്നോണം. ദലിതുകളെല്ലാം ഹിന്ദുക്കളായത് കൊണ്ട് നിങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും എന്ന് ഹിന്ദു ഫുള്‍ ട്റ്റീമും പറയാതെ പറയുന്നതായി അനുഭവപ്പെടുന്നുണ്ട്.

SAJEED K പറഞ്ഞു...

ദലിതനും മുസ്ലിമിനും മനുഷ്യാവകാശങ്ങള്‍ വേണമെന്ന് ആര് പറഞ്ഞു. ലോകത്തുള്ള സകല തീവ്രവാദവും അവരുടേതല്ലേ. തെളിവെന്തിന് വേറെ. ജനിച്ച സമുദായത്തിന്റെ പേര് മാത്രം മതിയല്ലോ? അതല്ലേ തെളിവ്. ഡി.എച്ച്.ആര്‍.എം ദലിതനെ മനുഷ്യരായി ജീവിക്കാന്‍ പരിശീലിപ്പിച്ചു. എന്തവകാശമാണ് ദലിതര്‍ക്ക് മനുഷ്യനായി ജീവിക്കാനുള്ളത്. അതുമാത്രം മതിയല്ലോ തീവ്രവാദത്തിന് തെളിവ്.
പത്തു ലക്ഷം രൂപ എനിക്ക് തരില്ലേ?

ദിലീപ് പറഞ്ഞു...

ശത്രുക്കളെ നിര്‍മിക്കുകയും അവരെ വേട്ടയാടുകയും ചെയ്യക എന്നാ നിയോ ലിബറല്‍ തന്ത്രത്തിന്റെ കെണിയില്‍ കേരളത്തിന്റെ സമര പാരമ്പര്യമുള്ള ഇടതു പക്ഷം വരെ പങ്കെടുക്കുന്നു എന്നത് നാം ഗൌരവത്തോടെ പഠന വിധേയമാക്കെണ്ടാതുണ്ട്. ഇരകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസിയോ, മുസ്ലിമോ, ദളിതരോ ആണെന്ന് മാത്രം. എല്ലാ അമ്പും ഒരു കോണില്‍ നിന്ന് തന്നെ. മട്രോകിന്റെ ഏഷ്യാനെറ്റ്‌ അടക്കമുള്ള മാധ്യമങ്ങള്‍ ആരെ കമ്പോളത്തിന് സാധ്യത ഉള്ള മുന്നോക്ക സമുദായക്കാരനെ അല്ലാതെ കീഴളനെ പിന്തുണക്കുകയില്ല. സ്വതന്ത്ര നാട്ടു വിശേഷത്തിനു എല്ലാ ഭാവുകങ്ങളും.

jayarajmurukkumpuzha പറഞ്ഞു...

aashamsakal......

പുന്നക്കാടൻ പറഞ്ഞു...

http://punnakaadan.blogspot.com/2011/06/blog-post.html