വര്‍ക്കലയില്‍ ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച് അവരുടെ സംഘടന വളര്‍ത്താന്‍ വേണ്ടി നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിച്ചു കൊടുത്തവരാണ് കേരളീയസമൂഹം. ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച ബി.ആര്.പി ഭാസ്ക്കറുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.(ഇത് മൂന്നാമത്തെ ലേഖനം, ഒന്നാമത്തേത് ഇവിടെയും രണ്ടാമത്തേത് ഇവിടെയും)
(ഈ മല്‍സരത്തില്‍ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കേണ്ടതാണ്. പ്രത്യേകിച്ച് മാര്‍ക്സിസ്റ്റുകളും സംഘപരിവാറികളും കോണ്‍ഗ്രസ്സുകാരും മറ്റ് എല്ലാ ഈര്‍ക്കിലി പ്പാര്‍ട്ടികളും! ഭീകരവാദം ആരോപിച്ച് ദലിതരുടെ കൂമ്പിടിച്ചു വാട്ടിയ പോലീസിന് ഇതുവരെ തെളിവൊന്നും കണ്ടുപിടിക്കാനായിട്ടില്ല. നാമവരെ സഹായിക്കേണ്ടതാണ്.)
ദളിതനെ തല്ലാനും കൊല്ലാനും സവര്‍ണര്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ പട്ടാളമാണെല്ലോ ഉത്തരേന്ത്യയിലെ രണ്‍വീര്‍സേന. ഈ സേനയില്‍ സവര്‍ണ ഭൂജന്മിമാര്‍ സ്വന്തം ജാതിയില്‍പ്പെട്ടവരെ ആയുധപരിശീലവും മാരകായുധങ്ങള്‍ നല്‍കിയുമാണ് അംഗങ്ങളാക്കുന്നത്. കീഴ് ജാതിക്കാരെ അംഗഭംഗം വരുത്തിയും കൂട്ടത്തോടെ ചുട്ടുകൊന്നും മാനഭംഗപ്പെടുത്തിയും ദലിതരെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിച്ചുമാണ് കഴിവും ശക്തിയും തെളിയിക്കുന്നത്. ഇതാണ് ജന്മിമേധാവിത്വം മാറ്റി ജനാധിപത്യം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ഇന്നത്തെ ചിത്രം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് കേരളീയര്‍ക്ക് ദളിതരോടുള്ള മനോഭാവമെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ സമീപകാലത്ത് ഡി.എച്ച്.ആര്.എം എന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ പുറത്ത് ഇടതുസര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അരങ്ങേറിയ തീവ്രവാദനാടകവും അതു സത്യമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കോടികള്‍ ചിലവഴിച്ച് മാധ്യമങ്ങളുടെ ശ്രമവും കേരളത്തിലെ ജനാധിപത്യ വിശ്വാസികളേയും ദേശസ്നേഹികളേയും ഞെട്ടിപ്പിച്ചതാണ്. പോലീസും സംഘപരിവാരവും ചേര്‍ന്ന് 22 ഓളം പട്ടികജാതിവര്‍ഗക്കോളനികള്‍ വ്യപകമായി അക്രമിച്ചു തകര്‍ത്തു. അവിടെയുള്ളവരെ ഭീകരമായി മര്‍ദ്ദിച്ച് ആട്ടിയോടിച്ചു. 200 ഓളം യുവതീയുവാക്കളെ സ്റ്റേഷന് പീഢനത്തിനും മൂന്നാംമുറയ്ക്കും ഇരയാക്കി. ഗര്‍ഭിണികളെ വരെ പോലീസ് വെറുതേ വിട്ടില്ല. ഗര്‍ഭിണിയായ യുവതിയെ കസ്റ്റടിയില്‍ വെച്ച് ഗര്‍ഭഛിദ്രം വരുത്തി. 29 പേരെ ജയിലില്‍ അടച്ചു പീഢിപ്പിച്ചു. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ദലിതുഘാതകരായ കേരളത്തിലെ രണ്‍വീര്‍സേനയായി മാറി. മാസങ്ങളോളം നീണ്ട ജാതീയ പീഢനത്തിന് ഇന്നും ശാശ്വതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
![]() |
(പോലീസിനാല്‍ വേട്ടയാടപ്പെട്ടതിനു ശേഷം നല്കിയ സ്വീകരണത്തില്‍ നാലാമത് ദാസ്.കെ.വര്‍ക്കല) |
![]() |
(ശ്രീ.ബി.ആര്.പി ഭാസ്ക്കര്‍ പോലീസ് വേട്ടയ്ക്കു ശേഷമുള്ള പ്രതിഷേധയോഗത്തില്‍ സംസാരിക്കുന്നു.) |
ദലിതര്‍ സംഘടിച്ചു വിമോചിക്കാന്‍ ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തുന്ന ജാതിനീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. മാര്‍ക്സിസ്റ്റ് മുഖംമൂടിയണിഞ്ഞ് ഭരണകൂടഭീകരത ദലിത് വംശഹത്യയക്ക് സര്‍വ സന്നാഹവുമായി മുന്നിട്ടിറങ്ങാന്‍ ദലിതര്‍ എന്തു തെറ്റാണ് ചെയ്തത് ? ദുര്‍ഗന്ധം വമിക്കുന്ന കോളനികളില്‍ ദുരിതജീവിതമകറ്റാന്‍ ഡി.എച്ച്.ആര് .എം പ്രവര്‍ത്തിച്ചതു കൊണ്ടാണോ ?
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ ചൂഷണത്തില്‍നിന്നും അവരെ മോചിപ്പിച്ചത് കൊണ്ടാണോ ? ജനാധിപത്യമൂല്യം പഠിപ്പിച്ചതു കൊണ്ടോ ? മദ്യമയക്കുമരുന്ന് ലോബികളില്‍ നിന്നും ഈ ജനതയെ രക്ഷിച്ചതു കൊണ്ടാണോ ? അന്ധവിശ്വാസത്തില്‍ നിന്നും ശാസ്ത്രബോധത്തിലേയ്ക്ക് ദലിതരെ നയിച്ചതു കൊണ്ടാണോ ? എന്തേ ദലിതര്‍ക്ക് സ്വന്തം കുടുംബത്തില്‍ സ്വസ്ഥതയും അയല്‍ക്കാരുമായി സൌഹൃദവും പാടില്ലെന്നുണ്ടോ ? കോളനിവാസികള്‍ കലഹക്കാരും ക്രിമിനലുകളുമായി ജനാധിപത്യ ചൂഷകരുടെ തടവറയില്‍ എക്കാലവും കഴിയണമെന്നാണോ ? അത് ജാതിവാദികളുടെ ആഗ്രഹമായിരിക്കാം.
ജനാധിപത്യവ്യവസ്ഥയില്‍ കേരളത്തിലെ ദലിതര്‍ പാലിക്കപ്പെടണമെന്നില്ല. നാരായണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യന്‍കാളിയും സഹോദരന് അയ്യപ്പനും പൊയ്കയില്‍ അപ്പച്ചനും കടന്നുപോയ മണ്ണാണിവിടം. ഇവിടെ ദലിതരുടെ മേല്‍ സംഘപരിവാറിന്റെ രണ്‍വീര്‍സേന നടമാടിയ താണ്ഡവത്തിന് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാരിന് ചുട്ട മറുപടി കൊടുക്കാന്‍ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായി ദലിതര്‍ ഉണര്‍ന്നിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയതയുടെ വിദ്വേഷങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഭരണവര്‍ഗത്തിന്റെയും മാധ്യമവര്‍ഗത്തിന്റെയും കള്ള പ്രചരണങ്ങള്‍ പൊളിച്ചെഴുതി സത്യം അറിയിക്കാന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടൊപ്പം 'സ്വതന്ത്ര നാട്ടുവിശേഷം' ആഴ്ചപ്പതിപ്പും എത്തുചേരുന്നു. (സ്വതന്ത്ര നാട്ടുവിശേഷം)