ശനിയാഴ്‌ച, ജനുവരി 22, 2011

അസീമാനന്ദയുടെ വെളിപ്പെടുത്തലുകളും നിരപരാധികളുടെ രക്തവും

‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

സ്വാമിഅസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെ കാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുള്‍ കലീം- മക്ക മെസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീല്‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..
എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?
ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസീമാനന്ദ്, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സുനില്‍ ജോഷി
അദ്ദേഹം എന്താണ് പറഞ്ഞത്?
സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.
തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?
തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?
അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?
ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?
അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ
ഐക്യത്തിനായി ശ്രമിച്ചു’ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?
അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?
എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.
അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?
അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.
സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?
അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.
ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

തിങ്കളാഴ്‌ച, ജനുവരി 10, 2011

ദളിതരും അയ്യന്‍കാളിയും പിന്നെ മാലിന്യനിര്‍മാര്‍ജനവും !!!



മാലിന്യം = അയ്യന്‍കാളി
സാധാരണയായി ഭരണകര്‍ത്താക്കളും രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ ഭരണകാലയളവില്‍ നടപ്പാക്കുന്ന ഏതു ഊച്ചാളി പ്രോഗ്രാമിനും ചത്തുപോയ അവരുടെ നേതാക്കന്മാരുടെ നാമധേയം നല്‍കി ജനമനസ്സുകളില്‍ അവര്‍ക്ക് നിത്യസ്മാരകം തീര്‍ക്കുന്നു. അതുകൊണ്ടാണ് ‘സമ്പൂര്‍ണ ഇ.എം.എസ് ഭവനപദ്ധതി’യും ‘ഇന്ദിരാ ആവാസ് യോജന(IAY)യും പോലുള്ള ഭവനപദ്ധതികള്‍ ആ പേരുകളില്‍ അറിയപ്പെടുന്നത്. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായവരും അവരുടെ തലമുറയും പദ്ധതിപ്രകാരമുള്ള  വീടുകളില്‍  കിടന്നുറങ്ങുമ്പോള്‍ മഹാന്മാക്കളായ നേതാക്കളെയും തദ്വാരാ അവരുടെ മഹത്തായ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഓര്‍ക്കുകയും ഇലക്ഷന്‍ സമയത്ത് നാലു വോട്ട് പെട്ടിയിലിടുകയും ചെയ്യും.


മാതൃഭൂമി വര്‍ത്ത (03/01/2011)
വന പദ്ധതികളെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമായും ദളിതര്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു ‘ഇന്ദിരാ ആവാസ് യോജന’. അതുപോലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴില്‍ 1970-കളില്‍ സഖാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ ഭൂരഹിതരായ മിച്ചമനുഷ്യര്‍ക്കുവേണ്ടി സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ നടപ്പാക്കിയ ഭവനപദ്ധതിയായിരുന്നു ലക്ഷംവീട് കോളനികള്‍. കേരളത്തിലെ മിച്ചമനുഷ്യര്‍ മുഴുവനുംതന്നെ  ദളിതരായിരുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവ ദളിതുകോളനികളായിരുന്നു. പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ വന്നവര്‍ക്കും പുതുതായി ഉണ്ടായിക്കൊണ്ടിരുന്ന മിച്ചമനുഷ്യര്‍ക്കും ലക്ഷംവീട് കോളനികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവയെല്ലാം ഹരിജന്‍കോളനികളെന്നും പിന്നീട് പുതിയതിനും പഴയതിനും അംബേദ്ക്കര്‍ കോളനികള്‍ എന്നും ഭരണകൂടങ്ങള്‍ നാമകരണം നടത്തിക്കൊണ്ടിരുന്നു.


ഹാനായ ഗോവിന്ദന്‍ നായര്‍ വൃത്തികെട്ട ജനവിഭാഗമായ ദളിതരെ ഒന്നടങ്കം മാന്യന്മാരുടെ ഇടയില്‍ കിടന്നു ശല്യമുണ്ടാക്കാത്ത നിലയില്‍ അവരെ കൂട്ടമായി ദളിത്കോളനികള്‍ എന്ന ചില പുറമ്പോക്കുകളില്‍ കുടിയിരുത്തി. മഹാമനസ്ക്കതയോടെ അവര്‍ക്കു വീടു നല്‍കിയെങ്കിലും അദ്ദേഹത്തിന്റെയോ മണ്‍മറഞ്ഞ പാര്‍ട്ടി സഖാക്കളുടെയോ പേര് ഭവനപദ്ധതിയ്ക്കു നല്‍കി മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിനു ശേഷം വന്ന ഭരണകൂടങ്ങള്‍  ദളിതരുടെ കോളനികള്‍ക്ക്  ദളിതരുടെ നേതാവായ അംബേദ്ക്കറുടെ പേരു തന്നെ നല്‍കിയാണ് ഉദാരമനസ്ക്കത കാണിച്ചത്. എന്തായാലും കേരളത്തിലെ കോളനികളുടെ  ഗുണഭോക്താക്കള്‍ ദളിതരായതുകൊണ്ട് അവരുടെ ഭവനപദ്ധതികള്‍ക്ക് അവരുടെ നേതാക്കളായ അംബേദ്ക്കറുടെയോ അയ്യന്‍കാളിയുടെയോ പേരുകൊടുക്കുന്നത് നമ്മുടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സവര്‍ണബോധം കൊണ്ടാണെന്ന് ആരെങ്കിലും പറയുമെങ്കില്‍ അവര്‍ ജാതിചിന്ത കൈവെടിയാന്‍ തയ്യാറല്ലാത്ത ജാതിവാദികളായിരിക്കും സംശയമില്ല. പക്ഷെ എന്തുകൊണ്ടോ ദളിതര്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് ഇന്ദിരാഗാന്ധിയുടെ പേര് കൊടുക്കാന്‍ കേന്ദ്രകോണ്‍ഗ്രസന്മാര്‍ക്ക് തോന്നിയത് ? അവര്‍ വിപ്ലവകാരികളല്ലാത്തതിന്റെ ഒരു കുഴപ്പമാണിത് !!


തുപോലെ മഹത്തായ മറ്റൊരു പദ്ധതിയുമായി നമ്മുടെ ഇടതുപക്ഷ വിപ്ലവസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും  മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി’ എന്നാണ് പേര്‍.



ണ്ട്  മാലിന്യം നീക്കം ചെയ്യുകയെന്നത് ദളിതന്റെ പണിയായിരുന്നു. കേരളത്തില്‍ അവരെ തോട്ടികള്‍ എന്നു വിളിച്ചിരുന്നു. മഹാനായ ഗാന്ധിജി താന്‍ യാത്രചെയ്യുമ്പോള്‍ തന്റെ മലം ഒരു കുടത്തില്‍ ശേഖരിക്കാനും അദ്ദേഹം പോകുന്നിടത്തൊക്കെ അതു ചുമന്നുകൊണ്ട് പോകാനും ഒരു ദളിതനെ കൂടെക്കൊണ്ടു നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വായിച്ചതായും ഓര്‍ക്കുന്നു. എന്തായാലും മനുവിന്റെ  വര്‍ണവ്യവസ്ഥയനുസരിച്ചും ജാതിവ്യവസ്ഥയനുസരിച്ചും അങ്ങിനെ ഭാരതസംസ്ക്കാരമനുസരിച്ചും  മാലിന്യം ചുമക്കേണ്ടത്  ദളിതന്റെ കര്‍മമാണ്. അത് ബി.ജെ.പ്പിക്കാരും വിശ്വഹിന്ദുപരിഷത്തുകാരും  മറന്നാലും നമ്മുടെ വിപ്ലവകാരികള്‍ മറക്കുന്നില്ലെന്നത് ഭാഗ്യം തന്നെ. ആഗോളമുതലാളിത്തം കടന്നുകയറി നമ്മുടെ ഭാഷയേയും സംസ്ക്കാരത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഇടതുപക്ഷവിപ്ലവകാരികള്‍ അവയെ പ്രതിരോധിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ഒരിക്കല്‍ക്കൂടി , മാലിന്യശേഖരണത്തിന്റെ കുത്തക ദളിതര്‍ക്കും ആ തൊഴിലിന്  അവരുടെ നേതാവിന്റെ പേരും നല്‍കി അയ്യന്‍കാളിയെ ബഹുമാനിക്കുന്നതിലൂടെയും നമ്മുടെ സംസ്ക്കരത്തെ പരിരക്ഷിക്കുന്നതിലൂടെയും തെളിയിച്ചിരിക്കുന്നു. അതിനാല്‍ മാലിന്യം വാരുന്ന ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ഇ.എം.എസ്, നായനാര്‍ , കെപിആര്‍ ,… മാലിന്യ നിരമാര്‍ജനപരിപാടിയെന്നോ പേരു കൊടുക്കാന്‍ പറ്റുമോ ? വേണമെങ്കില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അപൂര്‍വ ദളിത് നേതാക്കളുടെ പേരിടാമായിരുന്നു. പക്ഷെ അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയാലോ ? കൂടാതെ  ദളിതരെങ്ങാനും സംഘടിച്ച്  അംബേദ്ക്കറിന്റെയോ അയ്യന്‍കാളിയുടെയോ പേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയോ തദ്വാരാ വീണ്ടും ദളിതുതീവ്രവാദം(DHRM) വളരുകയും ചെയ്താലോ ? ബുദ്ധിപരമായി അത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നമ്മുടെ സഖാക്കന്മാരും സര്‍ക്കാരും പദ്ധതിയുടെ പേര് അയ്യന്‍കാളിയെന്നിട്ടതിന്  നാം നന്ദിയുള്ളവരായിരിക്കുക !!! അതിലൂടെ വീണ്ടും അയ്യന്‍കാളി ദളിതരുടെ തന്നെ നേതാവായിരുന്നുവെന്ന് വായനയും എഴുത്തും ചിന്തയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെയും നാളത്തെയും തലമുറയെ നിസ്സംശയം ഓര്‍മിപ്പിക്കാനുമാകം. തന്നെയുമല്ല, പദ്ധതിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇതു ദളിതര്‍ക്കു മാത്രമുള്ള പദ്ധതിയായി മറ്റ് ദളിതരല്ലാത്ത ദരിദ്രര്‍ മനസ്സിലാക്കി ദളിതരുടെ തൊഴിലില്‍ കൈയ്യിട്ടുവാരാന്‍ വരികയില്ല. ദളിതനല്ലാത്ത ഒരു ദരിദ്രനും പട്ടിണികിടന്നുമരിച്ചാലും  ദളിതന്റെ തൊഴിലില്‍ കൈവെയ്ക്കുകയില്ല ; ജാതിബോധം കൊണ്ടല്ല, ദളിതോദ്ധാരണത്തിനുള്ള അടങ്ങാത്ത വാഞ്ചകൊണ്ടും അവരോടുള്ള സഹാനുഭൂതികൊണ്ടുമാണത്. അതിനാല്‍ ദളിതര്‍ക്ക് തൊഴില്‍ക്ഷാമം ഒരിക്കലും ഉണ്ടാവുകയുമില്ല.
ന്നാല്‍ ഏതു നല്ലകാര്യത്തിനും ഇടംകോലിടാനും സര്‍ക്കാറിന്റെയും സഖാക്കളുടെയും വിപ്ലവമനസ്സിനെ തിരിച്ചറിയാതെ അവരെ സവര്‍ണബോധമുള്ളവരായി ആക്ഷേപിക്കാനും മുതിര്‍ന്നിരിക്കയാണ് ചില ദളിത് -നോണ്‍ദളിത് ബുദ്ധിജീവികള്‍ ! ഇങ്ങനെ മാലിന്യനിര്‍മാര്‍ജ്ജന പരിപാടിയ്ക്ക് അയ്യന്‍കാളിയുടെ പേരിട്ടതില്‍ പ്രതിഷേധിക്കുന്നതിനായി തങ്ങളുടെ പേരും അയ്യന്‍കാളി തൊഴില്‍ദാനപദ്ധതിയില്‍ ചേര്‍ത്ത് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാലിന്യത്തൊഴിലില്‍ കൈയിട്ടുവാരാനും ഈ മഹാന്‍മാര്‍ ശ്രമിക്കുന്നു. പക്ഷെ കുഴപ്പമില്ല. തലയ്ക്ക് ഓളമുള്ള ഇവര്‍ വിലിലെണ്ണാനുള്ളവരെയുള്ളു. നമ്മുടെ വന്‍സാംസ്ക്കാരികനായക സിംഹങ്ങള്‍ ഈ എലികളോട് ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അത്രയും ആശ്വാസകരം !! മേല്‍പടി സാമൂഹികദ്രോഹികള്‍ ആരെന്നറിയണ്ടേ
ഡോ.എം.എസ്. ജയപ്രകാശ്, ദളിത്ബന്ധു എന്‍.കെ.ജോസ്, ഡോ.ഭീംജയരാജ്, പ്രൊഫ.രാജുതോമസ്, എ.ജാഫര്‍, അഡ്വ.എസ്.പ്രഹ്ലാദന്‍, ഡോ.പി.കെ.സുകുമാരന്‍, അഡ്വ.ടി.എസ്.ജോഷി, അഡ്വ.വിജയന്‍ശേഖര്‍, അഡ്വ.സുഭാഷ്ചന്ദ്രന്‍, അഡ്വ.എ.ജയറാം, ഡോ.ടി.കെ.വിജയകുമാര്‍ എന്നിവരാണവര്‍. ഈ ദ്രോഹികളെ വഴിയില്‍ വെച്ചു കണ്ടാല്‍ അപ്പോള്‍ തല്ലണം (അതു മിക്കവാറും ഡി.വൈ.എഫ്.ഐ തന്നെ ചെയ്തുകൊള്ളും). നമ്മുടെ സാമൂഹിക- സാംസ്ക്കാരിക ബോധത്തില്‍ ചാതുര്‍വര്‍ണ്യവും ജാതിചിന്തയും അടിമുടി നിലനില്‍ക്കുന്നു എന്നാണ് ഈ പഹയന്മാരുടെ അഭിപ്രായം ! നമുക്കെവിടെ ജാതിയും  മതവും ?! പ്രത്യേകിച്ച് വിപ്ലവകാരികളായ നമ്മുടെ സഖാക്കള്‍ക്ക് !!!